ന്യൂഡൽഹി: ചൈനയുടെ നേതൃത്വത്തിൽ സൗദി അറേബ്യയും ഇറാനും വീണ്ടും കൈകോർക്കുന്നു. പുതിയ ലോകക്രമത്തിന്റെ നാന്ദി കുറിക്കൽ കൂടിയാണിത്.
മധ്യപൂർവദേശത്തെ നയതന്ത്രമേഖലയിൽ ശക്തമായ ഒരു ചുവട് വയ്പ്പാണ് സൗദി അറേബ്യയും ഇറാനും നടത്തിയിരിക്കുനന്ത്. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം ഇറാൻ സൗദി അറേബ്യയിൽ നയതന്ത്ര കാര്യാലയം തുറക്കുമ്പോൾ പുതിയ ലോകക്രമത്തിൽ നിർണായക സ്ഥാനം ഉറപ്പിക്കുക കൂടിയാണ് സൗദി അറേബ്യ. ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം 2023 ജൂൺ 7 ബുധനാഴ്ചയാണ് ഇറാൻ സൗദി അറേബ്യയിൽ വീണ്ടും എംബസി തുറന്നത്. ജൂൺ 8 വ്യാഴാഴ്ച ജിദ്ദയിൽ കോൺസുലേറ്റും പ്രവർത്തനം ആരംഭിച്ചു.
ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചിരുന്നില്ലെങ്കിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണപ്രകാരം ഹജ്ജ് തീർഥാടനം ഏകോപിപ്പിക്കാൻ ഇറാൻ നയതന്ത്ര ഉദ്യോഗസ്ഥർ സൗദിയിൽ ദിവസങ്ങൾക്ക് മുമ്പേ എത്തിയിരുന്നു. ഗൾഫ് മേഖലയിൽ അനുഭവസമ്പത്തുള്ള അലി റാസ ഇനായത്തിയെ സൗദിയിൽ സ്ഥാനപതിയായി ഇറാൻ നിയമിക്കുകയും ചെയ്തു. ചൈനയുടെ മധ്യസ്ഥതയിൽ നടത്തിയ ചർച്ചകളാണ് ഇരു രാജ്യങ്ങളും തമ്മിൽ മഞ്ഞുരുക്കിയത്.
2016ലാണ് ഇറാനും സൗദിയും തമ്മിലുള്ള ഭിന്നത രൂക്ഷമാവുകയും നയതന്ത്ര ബന്ധങ്ങൾ വിച്ഛേദിക്കുകയും ചെയ്യുന്ന തലത്തിലേക്ക് കാര്യങ്ങളെത്തിയത്. ഇറാഖും ഒമാനുമെല്ലാം ഏറെ നാളായ പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും ചൈനയുടെ കടന്ന് വരവോടെയാണ് ചർച്ചകൾ ഫലപ്രാപ്തിയിലേക്ക് എത്തി തുടങ്ങിയത്. സൗദി അമേരിക്കൻ ചേരിയിൽ നിന്ന് അകന്ന് മാറി ചൈനയോട് കൂടുതൽ അടുക്കുന്നുവെന്നതിന്റെ ദൃഷ്ടാന്തമായും പുതിയ നീക്കങ്ങളെ ലോകം വീക്ഷിക്കുന്നു. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ദുർബലമാകുന്ന പുതിയ ലോകക്രമത്തിൽ ചൈനയ്ക്കൊപ്പം മധ്യപൂർവദേശത്തെ നിർണായക ശക്തിയായി സൗദി അറേബ്യ മാറുന്നുവെന്നതിന്റെ സൂചനകളും സമീപകാല നയതന്ത്ര നീക്കങ്ങളിലുണ്ട്. ഇറാൻ വിഷയത്തിൽ യുഎഇ പോലുള്ള സഹോദര രാജ്യങ്ങളെ ഒപ്പം നിർത്താനും സൗദിക്ക് സാധിച്ചു
സൗദിയും ഇറാനും കൈ കൊടുക്കുമ്പോൾ അതിന്റെ പ്രതിഫലനങ്ങൾ മധ്യപൂർവ ദേശത്ത് ഒന്നാകെയുണ്ടാകും. ആഭ്യന്തര യുദ്ധങ്ങളിൽ വലയുന്ന യെമനും സിറിയയുമാണ് ഇതിന്റെ പ്രധാന ഗുണഭോക്താക്കൾ. ഈ രാജ്യങ്ങളിലെ സംഘർഷം അവസാനിപ്പിക്കുന്നതിൽ സൗദിയുടെയും ഇറാന്റെയും ഇടപെടലുകൾ ഏറെ നിർണായകമാണ്.

