ഭുവനേശ്വര്‍: രാജ്യത്തെ നടുക്കിയ ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ ഒഡീഷ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ‘അശ്രദ്ധമൂലമുള്ള മരണം, ജീവന്‍ അപകടത്തിലാക്കല്‍’ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്.
അതേസമയം, അപകടത്തില്‍ 275 പേര്‍ക്കാണു ജീവഹാനിയുണ്ടായതെന്ന് ഒഡീഷ സര്‍ക്കാര്‍ വ്യക്തമാക്കി. നേരത്തേ 288 പേര്‍ അപകടത്തില്‍ മരിച്ചെന്നായിരുന്നു ഔദ്യോഗിക കണക്ക്. 187 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്. മൃതദേഹങ്ങള്‍ ഇപ്പോള്‍ത്തന്നെ തിരിച്ചറിയാനാകാത്തവിധം ജീര്‍ണിച്ച നിലയിലാണ്. റെയില്‍വേ ജീവനക്കാര്‍ കുറ്റം ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്നും അന്വേഷണത്തില്‍ ഇക്കാര്യങ്ങള്‍ സംബന്ധിച്ചു വ്യക്തത ലഭിക്കുമെന്നും എഫ്.ഐ.ആറില്‍ പറയുന്നു. സംഭവത്തില്‍ റെയില്‍വേയുടെ അന്വേഷണവും ആരംഭിച്ചു.
റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ (എസ്.ഇ. സര്‍ക്കിള്‍) ശൈലേഷ് കുമാര്‍ പഥക് 05/06/23 തിങ്കളാഴ്ച അപകടസ്ഥലവും കണ്‍ട്രോള്‍, സിഗ്‌നല്‍ റൂമുകളും സന്ദര്‍ശിച്ചു. ബഹനാഗ ബസാര്‍ സ്റ്റേഷന്‍ മാസ്റ്ററുമായി ആശയവിനിമയം നടത്തിയ പഥക്, ഇന്റര്‍ലിങ്കിങ് സംവിധാനവും നേരില്‍ക്കണ്ടു വിലയിരുത്തി. കേസ് ഉടന്‍ സി.ബി.ഐ. ഏറ്റെടുക്കുമെന്നാണു സൂചന. അന്വേഷണ സംഘം 06/06/23 ചൊവ്വാഴ്ച സംഭവസ്ഥലത്തെത്തുമെന്നും കട്ടക്കിലെ റെയില്‍വേ പോലീസില്‍നിന്ന് കേസ് ഏറ്റെടുക്കുമെന്നും സി.ബി.ഐ. വൃത്തങ്ങള്‍ അറിയിച്ചു. അന്വേഷണത്തില്‍ റെയില്‍വേ സുരക്ഷാ കമ്മിഷന്റെ സഹായവും സി.ബി.ഐ. തേടും. അതിനിടെ, അപകടമുണ്ടായ ബഹനാഗ ബസാര്‍ സ്റ്റേഷനിലെ രണ്ടു ലൈനുകളിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. ഗുഡ്സ് ട്രെയിനുകള്‍ക്കു പുറമേ വന്ദേഭാരത് അടക്കമുള്ള യാത്രാവണ്ടികളും ഇതുവഴി കടന്നുപോയി. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ സാക്ഷിയാക്കി ഹൗറ-പുരി വന്ദേഭാരത് എക്സ്പ്രസ് 05/06/23 തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെ ബഹനാഗ ബസാര്‍ താണ്ടി. ഇരുഭാഗങ്ങളിലേക്കുമുള്ള പാതകള്‍ ഞായറാഴ്ച രാത്രിയോടെ ഗതാഗതയോഗ്യമാക്കിയിരുന്നു.
ഭുവനേശ്വറിലെ എയിംസില്‍ ചികിത്സയില്‍ കഴിയുന്ന കൊറമാണ്ഡല്‍ എക്സ്പ്രസിന്റെ എന്‍ജിന്‍ ഡ്രൈവര്‍ ഗുണനിധി മൊഹന്തിയുടെയും സഹായി ഹജാരി ബെഹ്റയുടെയും നില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. ഗുണനിധി മൊഹന്തിയെ 05/06/23 തിങ്കളാഴ്ച ഐ.സി.യുവില്‍നിന്നു മാറ്റി. ഹജാരി ബെഹ്റയുടെ തലയില്‍ ഒരു ശസ്ത്രക്രിയ കൂടി നടത്താനുണ്ടെന്നും റെയില്‍വേ വക്താവ് പറഞ്ഞു.

