നികുതിദായകാർക്ക് പ്രഥമ പരിഗണന നൽകണം: മന്ത്രി പി.പ്രസാദ്

ആലപ്പുഴ: സർക്കാർ സംവിധാനത്തിൽ നികുതിദായകന് ഉദ്യോഗസ്ഥർ പ്രഥമ പരിഗണനയും ബഹുമാനവും നൽകണമെന്ന് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി.പ്രസാദ്. നികുതിദായകന്റെ വിഹിതമാണ് ഓരോ ഉദ്യോഗസ്ഥന്റെയും ശമ്പളമെന്നും മന്ത്രി പറഞ്ഞു. ചെങ്ങന്നൂർ ഐ.എച്.ആർ.ഡി കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചെങ്ങന്നൂർ താലൂക്ക്തല മന്ത്രിമാരുടെ അദാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

നിയമങ്ങളും ചട്ടങ്ങളും ജനക്ഷേമത്തിനു വേണ്ടിയാണ്. ആവശ്യവുമായി എത്തുന്ന പൊതുജനങ്ങൾക്ക് നിയമത്തിന്റെ നൂലാമാല ബാധ്യതയായി മാറാതിരിക്കാൻ ഓരോ ഉദ്യോഗസ്ഥരും ശ്രദ്ധിക്കണം. പ്രായോഗിക മാർഗ്ഗങ്ങളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടണം. ബ്രിട്ടീഷ് ഭരണസംവിധാനത്തിലല്ല. മറിച്ചു ജനാധിപത്യ സംവിധാനത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ഓർക്കണം. പൊതുജനങ്ങൾക്ക് ന്യായമായി ലഭിക്കേണ്ട ഏത് ആനുകൂല്യത്തിനു കാലതാമസം വരുത്തുന്നതും അഴിമതി തന്നെയാണെന്ന് തിരിച്ചറിയണം.ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനാണ് സർക്കാരിന്റെ തീരുമാനം- മന്ത്രി പറഞ്ഞു. മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും അടക്കം താലൂക്ക് തല അദാലത്തുകൾ മികച്ച പാഠം ആയിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അദാലത്തുകളിൽ പൊതുജനങ്ങൾ അഭിമുഖീകരിക്കുന്ന ഭൂരിപക്ഷ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ കഴിയുന്നുണ്ടെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഫിഷറീസ് സാംസ്‌കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു.കഴിഞ്ഞ അദാലത്തിൽ ഉദ്യോഗസ്ഥർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ചെങ്ങന്നൂരിൽ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പതിനാലായിരത്തോളം ഫയലുകൾ കഴിഞ്ഞ അദാലത്തിൽ പരിഗണിച്ചു. ഇതിൽ 246 ഫയലുകൾ ഒഴികെ മറ്റെല്ലാം തീർപ്പാക്കാൻ കഴിഞ്ഞു. ചെങ്ങന്നൂർ ആർ.ഡി.ഓ ഓഫീസുമായി മാത്രം ബന്ധപ്പെട്ട ഫയലുകളാണ് തീവ്രയജ്ഞത്തിൽ തീർപ്പാക്കാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ കുറയുന്നത് സർക്കാരിന്റെ ഭരണമികവാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Share
അഭിപ്രായം എഴുതാം