പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന നടത്തി. പൊന്നാനി ഹാർബർ ഗ്രൗണ്ടിലാണ് പൊന്നാനി സബ് ആർ ടി ഒ ഓഫീസിന് കീഴിലുള്ള സ്‌കൂൾ വാഹനങ്ങളുടെ പരിശോധന നടത്തിയത്. 70ഓളം വാഹനങ്ങൾ പരിശോധിച്ചു.

വാഹനത്തിന്റെ ടയർ, വൈപ്പർ, ഹെഡ്ലൈറ്റ്, റൂഫ്, ബ്രേക്ക് ലൈറ്റ്, ഡോർ, ബ്രേക്ക്, ബോഡി, സ്‌കൂൾ ബസിന്റെ വിൻഡോ ഷട്ടർ, ജി പി എസ്, യന്ത്ര ഭാഗങ്ങളുടെയും വേഗപ്പൂട്ടിന്റെയും പ്രവർത്തനം, അഗ്നിരക്ഷാ സംവിധാനം, പ്രഥമ ശുശ്രൂഷാ കിറ്റ്, ഇൻഡിക്കേറ്റർ, വാഹനത്തിന്റെ നികുതി, ഇൻഷുറൻസ് തുടങ്ങിയ രേഖകളും പരിശോധിച്ചു. വാഹനങ്ങൾ ഓടിച്ച് കാര്യക്ഷമതയും ഉറപ്പാക്കി. വാഹനത്തിനകത്തെ യാത്രാ സൗകര്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കി.

പരിശോധന പൂർത്തിയാക്കിയ സ്‌കൂൾ വാഹനങ്ങൾക്ക് ഉദ്യോഗസ്ഥർ ‘ചെക്ക്ഡ് ഒക്കെ സ്റ്റിക്കർ’ പതിച്ച് കൊടുത്തു. തകരാർ കണ്ടെത്തിയ അഞ്ച് വാഹനങ്ങൾ പോരായ്മകൾ പരിഹരിച്ച് വീണ്ടും പരിശോധനയ്ക്ക് ഹാജരാക്കാൻ നിർദേശിച്ചു. പൊന്നാനി ആർ.വി പാലസിൽ സ്‌കൂൾ ബസ് ജീവനക്കാർക്കുള്ള ബോധവത്കരണ ക്ലാസും നടന്നു. പൊന്നാനി നഗരസഭാ അധ്യക്ഷൻ ശിവദാസ് ആറ്റുപുറം പരിപാടി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ് അഷറഫ് സൂർപ്പിൽ, എം.വി.ഐമാരായ ജസ്റ്റിൻ മാളിയേക്കൽ, കെ.കെ. അനൂപ് തുടങ്ങിയവർ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം