കോട്ടക്കൽ, എടയൂർ, പുത്തനത്താണി, കാടാമ്പുഴ പ്രദേശങ്ങളിലേക്കാണ് സബ് സ്റ്റേഷന്റെ ഗുണം പ്രധാനമായും ലഭിക്കുക. നിലവിൽ ഈ പ്രദേശങ്ങളിലേക്ക് വൈദ്യുതി ഫീഡ് ചെയ്യുന്നത് എടരിക്കോട്, കുറ്റിപ്പുറം സബ് സ്റ്റേഷനുകളിൽ നിന്നാണ്. ഈ രണ്ട് സബ് സ്റ്റേഷനുകളിൽ നിന്നുള്ള ദൂരം കൂടുതൽ കാരണം വോൾട്ടേജ് ക്ഷാമവും ഇടക്കിടെ വൈദ്യുത വിതരണ തടസ്സവും ഉണ്ടാകാറുണ്ട്. ഈ പ്രശ്‌നങ്ങൾക്കുള്ള ശാശ്വത പരിഹാരമായിട്ടാണ് 110 കെ.വി മാലാപറമ്പ്- കുറ്റിപ്പുറം ലൈനിൽ നിന്നും അഞ്ച് കിലോ മീറ്റർ ലൈൻ നിർമിച്ചു കാടാമ്പുഴ മരവട്ടത്ത് 110 കെ.വി സബ് സ്റ്റേഷൻ നിർമാണം നടത്തുന്നത്. ഇതിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടി പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്.
പദ്ധതിക്കായുള്ള സാമൂഹിക ആഘാത പഠനം പൂർത്തീകരിച്ചിട്ടുണ്ട്. സ്ഥലത്തിന്റെ വില നിർണയമടക്കമുള്ള നടപടികളാണ് റവന്യു ഭൂമി ഏറ്റെടുക്കൽ വിഭാഗം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. നിർദിഷ്ട സബ് സ്റ്റേഷനിലേക്കുള്ള 110 കെ.വി ഡബിൾ സർക്യൂട്ട് നിർമാണത്തിനുള്ള നടപടികൾ കെ.എസ്.ഇ.ബി.എൽ ഇതിനകം ആരംഭിച്ചിട്ടുണ്ട്. നിർദിഷ്ട ലൈൻ എടയൂർ, മേൽമുറി, മാറാക്കര, കുറുവ, വില്ലേജുകളിൽ കൂടിയാണ് കടന്നുപോകുന്നത്.