തിരുവനന്തപുരം: 2023 മാർച്ച് 31ന് സർവീസിൽ നിന്ന് വിരമിക്കാനിരിക്കെ സിസ തോമസിനോട് ഹിയറിംഗിന് ഹാജരാകാൻ സർക്കാർ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കെടിയു വിസിയുടെ ചുമതല ഏറ്റെടുത്തതുമായി ബന്ധപ്പെട്ടുളള കാരണം കാണിക്കൽ നോട്ടീസിൽ തുടർ നടപടികളുടെ ഭാഗമായാണ് സിസ തോമസിനോട് ഹാജരാവാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീഷണൽ സെക്രട്ടറി മുമ്പാകെ സിസ തോമസ് 2023 മാർച്ച് 31ന് രാവിലെ 11.30 ന് ഹാജരാകണം എന്നാണ് നിർദേശം.
സിസ തോമസിനെതിരെ നടപടിയെടുക്കും മുൻപ് സർക്കാർ അവരെ കേൾക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ് തള്ളണമെന്ന സിസ തോമസിന്റെ ആവശ്യം ട്രൈബ്യൂണൽ അംഗീകരിച്ചില്ല. സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കെടിയു വിസിയുടെ താത്കാലിക ചുമതല ഏറ്റെടുത്തതിനാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

