ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യ നഗരത്തിലെ പിഎഫ്ഐ ഓഫീസ് ദേശീയ അന്വേഷണ ഏജൻസി പിടിച്ചെടുത്ത് സീൽ ചെയ്തു. ബിജെപി-യുവമോർച്ച പ്രവർത്തകൻ പ്രവീൺ കുമാർ നെട്ടാരുവിരന്റെ കൊലപാതകം അന്വേഷിക്കുന്ന എൻഐഎയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസ് പിടിച്ചെടുത്തത് .2022 മാർച്ച് 8 തിങ്കളാഴ്ചയാണ് ഗാന്ധിനഗറിലെ ആലെറ്റി റോഡിൽ താഹിറ കോംപ്ലക്‌സിന്റെ ഒന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന ഈ ഓഫീസ് പിടിച്ചെടുത്തത്.
പിടിച്ചെടുത്തതിന്റെ നോട്ടീസ് പകർപ്പ് ജില്ലാ പൊലീസ് മേധാവിക്കും കെട്ടിട ഉടമയ്ക്കും അയച്ചിട്ടുണ്ട്. വസ്തു പാട്ടത്തിനോ വാടകയ്ക്കോ നൽകരുതെന്നും വസ്തുവകകൾ ഓഫീസിൽ നിന്ന് മാറ്റരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ബിജെപി നേതാവ് പ്രവീൺ നെട്ടാരുവിനെ കൊല്ലാൻ ഗൂഢാലോചന നടത്തിയത് ഈ ഓഫീസിൽ വച്ചാണെന്നാണ് എൻഐഎക്ക് ലഭിച്ച വിവരം.
ഫെബ്രുവരിയിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ബണ്ട്വാൾ ടൗണിന് സമീപം ഇടുക്കി ഗ്രാമത്തിലെ മിത്തൂർ ഫ്രീഡം കമ്മ്യൂണിറ്റി ഹാൾ എൻഐഎ നേരത്തെ സീൽ ചെയ്തിരുന്നു. 2022 ജൂലൈ 26-ന് സംസ്ഥാനത്ത് ഹിജാബ്, ഹലാൽ സംബന്ധിച്ച് തർക്കങ്ങൾ മൂർച്ഛിച്ച് നിൽക്കുന്ന സമയത്തായിരുന്നു പ്രവീൺ വെട്ടേറ്റ് മരിച്ചത്. ദക്ഷിണ കന്നഡ ജില്ലയിലെ സുള്ള്യയ്ക്ക് സമീപമുള്ള ബെല്ലാരെയിലായിരുന്നു കൊലപാതകം. മൂന്നാമത്തെ ശ്രമത്തിലായിരുന്നു പ്രവീൺ കൊല്ലപ്പെട്ടത്.
കൊലപാതകത്തിൽ ബെംഗളൂരുവിലെ പ്രത്യേക എൻ ഐ എ കോടതിയിൽ 20 പേർക്കെതിരെ എൻ ഐ എ കുറ്റപത്രം സമർപ്പിട്ടുണ്ട്. 1500 പേജുകളുള്ള കുറ്റപത്രത്തിൽ 240 സാക്ഷികളുടെ മൊഴികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, പ്രവീൺ വധക്കേസിലെ പ്രതി ഷാഫി ബെല്ലാരെക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എസ്ഡിപിഐ ടിക്കറ്റ് പ്രഖ്യാപിച്ചത് ചർച്ചയ്ക്ക് വഴിവച്ചിട്ടുണ്ട്. അറസ്റ്റിലായ ഷാഫി എൻ ഐ എ കസ്റ്റഡിയിലാണ്.



