ബ്രഹ്മപുരം മാലിന്യ പ്ലാന്റ് പ്രവർത്തിച്ചത് അംഗീകാരമില്ലാതെയെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിന് തുടർച്ചയായി മുന്നറിയിപ്പുകൾ നൽകിയിരുന്നതായും എന്നാൽ അതെല്ലാം അവഗണിക്കുകയായിരുന്നെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൻറെ റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നാല് വർഷത്തിൽ പത്തൊൻപത് തവണയാണ് നോട്ടീസ് നൽകിയത്. മേയർക്ക് മാത്രം നാല് തവണ നോട്ടീസ് അയച്ചുവെന്നും കോർപ്പറേഷൻ സെക്രട്ടറിക്ക് 14 നോട്ടീസുകൾ നൽകിയെന്നും റിപ്പോർട്ടിൽ പറയുന്നു. മുൻ തീപിടുത്തങ്ങളിലും നോട്ടീസ് നൽകിയിരുന്നു. കോർപ്പറേഷന്റെ മാലിന്യ പ്ലാന്റ് പ്രവർത്തിച്ചത് അംഗീകാരമില്ലാതെയാണെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ബ്രഹ്മപുരം വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ 15.03.2023ന് പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 അനുസരിച്ചായിരിക്കും മുഖ്യമന്ത്രി നിയമ സഭയിൽ പ്രത്യേക പ്രസ്താവന നടത്തുക. തീപിടിത്തത്തിൽ ഇതുവരെ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല. വിഷയത്തിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

അതിനിടെ, ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിലെ ജനങ്ങളുടെയും മൃഗങ്ങളുടെയും രക്തത്തിലെ ഡയോക്സിന്റെ അളവ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ഉന്നതതല യോഗം വിളിക്കണം, നിലവിലെ ശ്വാസകോശ പരിശോധന കൊണ്ട്‌ കാര്യമില്ലെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു, ലോകാരോഗ്യ സംഘടനയെ സ്ഥലം പരിശോധിക്കാൻ വിളിക്കണമെന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം