ബെംഗളൂരു: കര്‍ണാടകയില്‍ റോഡ് ഷോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തലസ്ഥാന നഗരിയില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ അകലെ മണ്ടിയയിലായിരുന്നു പ്രധാനമന്ത്രിയുടെ റോഡ് ഷോ. നിരവധി ബിജെപി പ്രവര്‍ത്തകരും അനുയായികളുമാണ് പ്രധാനമന്ത്രിയെ കാണാനായി റോഡിന്റെ ഇരുവശത്തും അണിനിരന്നത്. പൂക്കള്‍ വിതറി അവര്‍ മോദിയെ സ്വാഗതം ചെയ്തു. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയിലേക്കുള്ള പ്രധാനമന്ത്രിയുടെ ആറാമത്തെ സന്ദര്‍ശനമാണിത്. റോഡ് ഷോയ്ക്ക് ശേഷം പ്രധാനമന്ത്രി 16,000 കോടിയുടെ പദ്ധതികള്‍ക്ക് തറക്കല്ലിടും. ഹുബ്ബള്ളി-ധര്‍വാദ് സ്മാര്‍ട്സിറ്റി പദ്ധതിയടക്കമുള്ളവയുടെ ശിലാസ്ഥാപനമാണ് പ്രധാനമന്ത്രി നടത്തുന്നത്.
തുടര്‍ന്ന് ബെംഗളൂരു-മൈസൂരു അതിവേഗ പാത പ്രധാനമന്ത്രി രാജ്യത്തിനായി സമര്‍പ്പിക്കും. 118 കിലോമീറ്റര്‍ നീളമുള്ള പദ്ധതിയുടെ ആകെ ചിലവ് ?8,480 കോടി രൂപയാണ്. ബെംഗളൂരുവില്‍ നിന്ന് മൈസൂരിലേക്കും തിരിച്ചുമുള്ള യാത്രാ ദൈര്‍ഘ്യം മൂന്നു മണിക്കൂറില്‍ നിന്ന് 90 മിനിട്ടുകളായി ചുരുങ്ങുമെന്നതാണ് അതിവേഗ പാതയുടെ ഏറ്റവും വലിയ ഗുണം.
പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത ശേഷം മദ്ദൂര്‍ താലൂക്കിലെ ഗെജ്ജലഗരെയില്‍ നടക്കുന്ന സമ്മേളനത്തില്‍ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്യും. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മോദിയുടെ മണ്ടിയ സന്ദര്‍ശനം നിര്‍ണായകമാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് രണ്ടു ദിവസം മുമ്പ് മണ്ടിയയിലെ സ്വതന്ത്ര എംപിയും സിനിമാ നടിയുമായ സുമലത അംബരീഷ് ബിജെപിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കുറൂമാറ്റ നിരോധന നിയമപ്രകാരമുള്ള സാങ്കേതിക തടസ്സമുള്ളതിനാലാണ് ബിജെപിയില്‍ ചേരാതിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കുകയുണ്ടായി. പിന്നീട് ഹബ്ബാലി-ധര്‍വാഡിലേക്ക് പോകുന്ന മോദി, ഐഐടി ധാര്‍വാഡ് രാജ്യത്തിനായി സമര്‍പ്പിക്കും. 2019 ഫെബ്രുവരിയില്‍ അദ്ദേഹം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തറക്കല്ലിട്ടിരുന്നു. തുടര്‍ന്ന് പുതുതായി നവീകരിച്ച ഹബ്ബാലി റെയില്‍വേ സ്റ്റേഷനും മറ്റ് ഇന്‍ഫ്രാ അനുബന്ധ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

