കൂത്താട്ടുകുളം ക്ഷേത്ര നവീകരണം ഒന്നര വര്‍ഷത്തിനകം: മന്ത്രി മുഹമ്മദ് റിയാസ്

കൂത്താട്ടുകുളം ശ്രീ മഹാദേവ ക്ഷേത്ര നവീകരണം ഒന്നര വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ദേവസ്വം ട്രസ്റ്റും ഭക്തസംഘടനകളും ക്ഷേത്രത്തില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി. ബജറ്റില്‍ അഞ്ച് കോടി രൂപയാണ് പദ്ധതിക്ക് അനുവദിച്ചത്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്കാണ് നിര്‍മ്മാണ ചുമതല. പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് മന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരിട്ടുള്ള ശ്രദ്ധയുണ്ടാകും. 

സംസ്ഥാനത്തെ 20,000 കിലോമീറ്റര്‍ റോഡുകള്‍ റണ്ണിങ്ങ് കോണ്‍ട്രാക്ടിലേക്ക് മാറിക്കഴിഞ്ഞു. എതെങ്കിലും റോഡ് അറ്റകുറ്റപ്പണിയില്‍ വീഴ്ചയുണ്ടായാല്‍ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.കേരളത്തിലെ 108 ശിവക്ഷേത്രങ്ങളില്‍ ചരിത്രപരമായ പ്രത്യേകതകളുള്ള ക്ഷേത്രമാണ് കൂത്താട്ടുകുളം ശ്രീ മഹാദേവ ക്ഷേത്രം. വാസ്തുവിദ്യയും ഇവിടുത്തെ പുരാവസ്തുക്കളും ഏറെ പ്രത്യേകതയുള്ളതാണ്. കേരളത്തിലെ ക്ഷേത്ര വാസ്തുവിദ്യയുടെ മികച്ച ഉദാഹരണമാണ് ക്ഷേത്രം. 

ടൂറിസ്റ്റ് കേന്ദ്രങ്ങളെന്നാല്‍ പ്രകൃതി രമണീയമായ സ്ഥലങ്ങള്‍ മാത്രമല്ല ചരിത്രപരമായ പ്രത്യേകതകളുള്ളതും സാംസ്‌കാരിക തനിമ നിറഞ്ഞതുമായ ഇടങ്ങളും കൂടിയാണ്. ഇത്തരം കേന്ദ്രങ്ങള്‍ നിരവധി പേര്‍ എത്താറുണ്ട്. സാംസ്‌കാരിക തനിമയുള്ള നിരവധി പ്രദേശങ്ങള്‍ കേരളത്തിലുണ്ട്. കേരളത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന നിരവധി ആരാധനാലയങ്ങളുമുണ്ട്. ഓണം പോലെ കേരളത്തിലെ ജനങ്ങളെല്ലാം ഒരു മനസോടെ ആഘോഷിക്കുന്ന സ്നേഹത്തിന്റെയും സഹവര്‍ത്തിത്ത്വത്തിന്റെയും സന്ദേശം നല്‍കുന്ന ഉത്സവങ്ങളുണ്ട്. ഇത്തരം പ്രത്യേകതകള്‍ കൂടി കാണാന്‍ സഞ്ചാരികള്‍ക്ക് താല്‍പര്യമുണ്ട്. പ്രകൃതി രമണീയമായ സ്ഥലങ്ങള്‍ക്കൊപ്പം ചരിത്രപ്രാധാന്യമുള്ളവ കൂടി കാണാന്‍ സഞ്ചാരികള്‍ താല്‍പര്യപ്പെടുന്നതിനാലാണ് കേരളം ടൂറിസത്തില്‍ മികവ് പുലര്‍ത്തുന്നത്. പിറവം നിയോജകമണ്ഡലത്തിന്റെ വികസനകാര്യത്തില്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും മന്ത്രി പറഞ്ഞു. 

ദേവസ്വം ട്രസ്റ്റ് സെക്രട്ടറി ഡി.രാജേഷ് അധ്യക്ഷത വഹിച്ചു. അനൂപ് ജേക്കബ് എംഎല്‍എ, ലൈബ്രറി കൗണ്‍സില്‍ അംഗം പി.ബി. രതീഷ്, നഗരസഭാധ്യക്ഷ വിജയ ശിവന്‍, നഗരസഭാ ഉപാധ്യക്ഷന്‍ സണ്ണി കുര്യാക്കോസ്, പിറവം നഗരസഭാധ്യക്ഷ ഏലിയാമ്മ ഫിലിപ്പ്, ഉപാധ്യക്ഷന്‍ കെ. പി. സലിം, കൗണ്‍സിലര്‍മാരായ ജിജി ഷാനവാസ്, സുമ വിശ്വംഭരന്‍, ഷിബി ബേബി, അനില്‍ കരുണാകരന്‍, പ്രിന്‍സ് പോള്‍ ജോണ്‍, വിവിധ സംഘടനകളുടെ പ്രവര്‍ത്തകരായ ആര്‍. ശ്യാംദാസ്, പി.ജി. ഗോപിനാഥ്, ടി. കെ. സോമന്‍, വി.പി. ഗോപാലകൃഷ്ണന്‍, എം.പി. ഗണേശന്‍, വിജയന്‍ കലമറ്റം, കെ. ഐ. സത്യന്‍, കെ. എന്‍. രാജു, ടി. ബി. മോഹനന്‍, ക്ഷേത്രം മേല്‍ ശാന്തി ഷിനു ചന്ദ്രകാന്ത്, എഞ്ചിനിയര്‍ തമിഴരശ് ശെല്‍വന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →