കുമളി: കുസൃതി കാട്ടിയതിന് ഏഴു വയസുള്ള കുട്ടിയെ ചട്ടുകമുപയോഗിച്ചു പൊള്ളിച്ച സംഭവത്തില്‍ അമ്മ അറസ്റ്റില്‍. കുമളി അട്ടപ്പള്ളം ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന യുവതിയെയാണ് ജ്യുവെനെല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്.
കുട്ടിയുടെ രണ്ടു കൈകളിലും കാലുകളിലും അമ്മ പൊള്ളലേല്‍പ്പിച്ചിരുന്നു. കണ്ണില്‍ മുളകു പൊടിതേച്ചതായും പറയപ്പെടുന്നു. സംഭവമറിഞ്ഞ അയല്‍വാസി പഞ്ചായത്ത് മെമ്പറെയും അംഗന്‍വാടി ടീച്ചറെയും വിവരമറിയിച്ചതോടെയാണ് ക്രൂരതയുടെ വിവരങ്ങള്‍ പുറത്തുവന്നത്. ഇവരെത്തി കുട്ടിയെ ആശുപത്രിയിലാക്കി. തുടര്‍ന്ന് ഏഴു വയസുകാരന്റെ മൊഴി രേഖപ്പെടുത്തിയ പോലീസ് അമ്മക്കെതിരേ കേസെടുക്കുകയായിരുന്നു.
അടുത്ത വീട്ടില്‍നിന്ന് ടയര്‍ എടുത്തതിനാണ് അമ്മ ശിക്ഷിച്ചതെന്ന് കുട്ടി പറഞ്ഞു. മുന്‍പ് പലതവണ അമ്മ ഉപദ്രവിച്ചിട്ടുള്ളതായും കുട്ടി അറിയിച്ചു. എന്നാല്‍ കുട്ടിയുടെ കൃസൃതി സഹിക്കാന്‍ വയ്യാതായപ്പോഴാണ് ഇങ്ങനെ ചെയ്തതെന്നാണ് അമ്മ പറയുന്നത്.
ചികിത്സയില്‍ കഴിയുന്ന ഏഴു വയസുകാരന്റെ ആരോഗ്യനില തൃപ്തികരമാണ്. ആശുപത്രി വിട്ടശേഷം കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കും.