തൊഴിലിടങ്ങളില്‍ ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികളുടെ പ്രവര്‍ത്തനം ഉറപ്പാക്കണം: പി. സതീദേവി

തൊഴിലിടങ്ങളിലെ പരാതികള്‍ ബോധിപ്പിക്കാനും തീര്‍പ്പാക്കാനും ആഭ്യന്തര പരാതി പരിഹാര കമ്മിറ്റികളുടെ പ്രവര്‍ത്തനം ഉറപ്പാക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവി പറഞ്ഞു. വിദ്യാലയങ്ങളില്‍ അധ്യപികമാര്‍ക്ക് പരാതികളുമായി സമീപിക്കാന്‍ അഭ്യന്തര കമ്മിറ്റികള്‍ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ജില്ലാ പഞ്ചായത്ത് ഹാളില്‍ ജനുവരി 24ന് നടന്ന വനിതാ കമ്മീഷന്‍ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. അദാലത്തില്‍ ആകെ 42 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 14 പരാതികള്‍ തീര്‍പ്പാക്കി. ഒരു പരാതി ജാഗ്രത സമിതിയിലേക്കും എട്ടെണ്ണം പൊലിസ് റിപ്പോര്‍ട്ടിനും അയച്ചു. ബാക്കി 21 പരാതികള്‍ ഫെബ്രുവരി 19 ന് നടക്കുന്ന അടുത്ത അദാലത്തിലേക്ക് മാറ്റി.

ഓണ്‍ലൈന്‍ പരാതികള്‍ വനിതാ സംരക്ഷണ ഓഫീസര്‍ മുഖാന്തിരം നേരിട്ട് ഇടപെട്ട് പരിഹരിക്കുന്നതിനാല്‍ അദാലത്തില്‍ വരുന്ന പരാതികളുടെ എണ്ണത്തില്‍ കുറവ് വരുന്നതായി കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. അതിര്‍ത്തി പ്രശ്നങ്ങള്‍ പോലുള്ള പരാതികളില്‍ കമ്മീഷന് ഇടപെടുന്നതിന് പരിധിയുള്ളതിനാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ ജാഗ്രത സമിതികള്‍ ശക്തിപ്പെടുത്തണമെന്ന് നിര്‍ദേശിച്ചു. ഈ വര്‍ഷം മുതല്‍ സംസ്ഥാനത്തില്‍ മികച്ച ജാഗ്രതാ സമിതികള്‍ക്ക് അവാര്‍ഡ് നല്‍കും. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഇതിനായുള്ള അപേക്ഷകള്‍ ലഭിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച് പെണ്‍കുട്ടികളെ ആത്മധൈര്യമുള്ളവരാക്കി മാറ്റുന്നതിനും, ആരോഗ്യപരമായ ബന്ധങ്ങള്‍ വളര്‍ത്തുന്നതിനും, ലിംഗസമത്വം നടപ്പാക്കുന്നതിനും ക്യാമ്പസുകളില്‍ കലാലയ ജ്യോതി പദ്ധതി തുടരുമെന്നും അവര്‍ അറിയിച്ചു. അദാലത്തില്‍ കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, വി.ആര്‍ മഹിളാ മണി, അഭിഭാഷകരായ സുകൃത കുമാരി, അഡ്വ. ഷീന എന്നിവര്‍ പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം