അഭിമാനമായി ആര്‍.ആര്‍.ആര്‍; ‘നാട്ടു നാട്ടു’ ഓസ്‌കറിന്

ലോസ് ഏഞ്ചല്‍സ്: 95-ാമത് ഓസ്‌കര്‍ പുരസ്‌കാരപ്പട്ടികയില്‍ ചരിത്രനേട്ടം കൈവരിക്കാനൊരുങ്ങി രാജമൗലി ചിത്രമായ ആര്‍.ആര്‍.ആര്‍. സിനിമയിലെ ”നാട്ടു നാട്ടു” എന്ന ഗാനത്തിന് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചിരിക്കുന്നു. ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് ഗാനത്തിന് നാമനിര്‍ദേശം ലഭിച്ചിരിക്കുന്നത്.

ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാര നേട്ടത്തിന്റെ ആഹ്ളാദം അവസാനിക്കും മുമ്പാണ് ആര്‍.ആര്‍.ആറിനെ തേടി പുതിയ നേട്ടം എത്തിയിരിക്കുന്നത്. ”ഞങ്ങള്‍ ചരിത്രം കുറിച്ചിരിക്കുന്നു” എന്നാണ് ആര്‍.ആര്‍.ആര്‍. ടീം ട്വീറ്റ് ചെയ്തത്. ഇങ്ങനെയൊരു വാര്‍ത്ത പങ്കുവയ്ക്കുന്നതില്‍ അഭിമാനമുണ്ടെന്നും അവര്‍ ട്വീറ്റ് ചെയ്തു. 2023 ജനുവരി മാസം പ്രഖ്യാപിച്ച ഗോള്‍ഡന്‍ ഗ്ലോബിലും അഭിമാനാര്‍ഹമായ നേട്ടമാണ് ആര്‍.ആര്‍.ആറും നാട്ടു നാട്ടു ഗാനവും കൈവരിച്ചത്. മികച്ച ഒറിജിനല്‍ സോങ് എന്ന വിഭാഗത്തിലാണ് നാട്ടു നാട്ടുവിലൂടെ സംഗീത സംവിധായകന്‍ എം.എം. കീരവാണി പുരസ്‌കാരം സ്വന്തമാക്കിയത്. കാലൈഭരവ, രാഹുല്‍ സിപ്ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചത്. പ്രേം രക്ഷിത് ആയിരുന്നു നൃത്തസംവിധാനം. ഇംഗ്ലീഷ് ഇതര ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലും മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തിലുമാണ് ആര്‍.ആര്‍.ആര്‍. നോമിനേഷന്‍ നേടിയിരുന്നത്. പതിനാല് വര്‍ഷത്തിന് ശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ഇന്ത്യയിലെത്തിയത്. 2009ല്‍ എ.ആര്‍. റഹ്‌മാനാണ് മുമ്പ് പുരസ്‌കാരം നേടിയത്.

ഓസ്‌കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക നാമനിര്‍ദേശമായിരുന്ന ഗുജറാത്തി ചിത്രം ”ദ് ചെല്ലോ ഷോ” അന്തിമപട്ടികയില്‍നിന്ന് പുറത്തായപ്പോള്‍ ഇന്ത്യന്‍ പ്രാതിനിധ്യമുള്ള രണ്ട് ഡോക്യുമെന്ററികള്‍ ഇത്തവണത്തെ അന്തിമ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം