മൂവാറ്റുപുഴ: ഇലന്തൂര്‍ ഇരട്ടനരബലിക്കേസില്‍ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചു. കാലടി, മറ്റൂരില്‍ താമസിച്ചിരുന്ന ഇടുക്കി സ്വദേശിനി റോസിലിയെ കൊന്ന കേസിന്റെ കുറ്റപത്രമാണു പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-4 ല്‍ സമര്‍പ്പിച്ചത്.
എറണാകുളം ഗാന്ധിനഗറില്‍ വാടകയ്ക്കു താമസിക്കുന്ന വാഴപ്പിള്ളി വീട്ടില്‍ മുഹമ്മദ് ഷാഫി (52) ആണ് ഒന്നാം പ്രതി. പത്തനംതിട്ട, ഇലന്തൂര്‍ കടകംപള്ളി വീട്ടില്‍ ഭഗവല്‍ സിങ് (67), ഭാര്യ െലെല (58) എന്നിവരാണു രണ്ടും മൂന്നും പ്രതികള്‍. ഇവര്‍ അറസ്റ്റിലായി 89-ാം ദിവസമാണ് റൂറല്‍ പോലീസ് മൂവായിരത്തോളം പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം റൂറല്‍ ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ മേല്‍നോട്ടത്തില്‍ അഡീഷണല്‍ പോലീസ് സൂപ്രണ്ട് ടി. ബിജി ജോര്‍ജ് തലവനായി രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്.
ഐശ്വര്യപൂജയ്‌ക്കെന്ന വ്യാജേന നിരാലംബരായ സ്ത്രീകളെ പത്തനംതിട്ട ഇലന്തൂരിലുള്ള ഭഗവല്‍ സിങ്ങിന്റെ വീട്ടിലെത്തിച്ചായിരുന്നു അതിക്രൂരകൊലപാതകം. കൃത്യം നടത്തിയശേഷം മൃതദേഹങ്ങള്‍ മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച് മാംസം പാകം ചെയ്ത് ഭക്ഷിക്കുകയും ബാക്കി പുരയിടത്തില്‍ കുഴിച്ചിടുകയുമായിരുന്നുവെന്നാണു കേസ്. റോസിലിക്കു സമാനമായി പത്മ എന്ന സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ കടവന്തറ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി-8 ല്‍ കഴിഞ്ഞ ആറിന് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
പ്രതികള്‍ക്കെതിരേ കൊലപാതകത്തിനു പുറമെ കൂട്ടബലാല്‍സംഗം, കൊല്ലണമെന്ന ഉദ്ദേശത്തോടെയുള്ള തട്ടിക്കൊണ്ടുപോകല്‍, കുറ്റകരമായ ഗൂഢാലോചന, മനുഷ്യക്കടത്ത്, മൃതദേഹത്തോടുള്ള അനാദരം, മോഷണം, തെളിവു നശിപ്പിക്കല്‍, കുറ്റകരമായ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. 200-ല്‍ അധികം സാക്ഷിമൊഴികളും അറുപതോളം മഹസറുകളും 130-ല്‍ അധികം രേഖകളും, കൊലപാതകത്തിനുപയോഗിച്ച കത്തികളും വാഹനങ്ങളുമടക്കം അന്‍പതോളം തൊണ്ടി മുതലുകള്‍ കുറ്റപത്രത്തിന്റെ ഭാഗമാണ്. മൃതദേഹഭാഗങ്ങള്‍ പോലീസ് വീണ്ടെടുക്കുകയും ഡി.എന്‍.എ. പരിശോധനയിലൂടെ മരിച്ചവരെ തിരിച്ചറിയുകയും ചെയ്തു. മൃതദേഹഭാഗങ്ങള്‍ അഴുകി നശിച്ചിരുന്നതിനാല്‍ ഫോറന്‍സിക്, സൈബര്‍ വിദഗ്ധരുടെ സഹായത്തോടെയായിരുന്നു തെളിവുശേഖരണം.
പ്രത്യേക അന്വേഷണ സംഘത്തില്‍ കൊച്ചി സിറ്റി ഡി.സി.പി: എസ്.ശശിധരന്‍, പെരുമ്പാവൂര്‍ എ.സി.പിയായിരുന്ന അനുജ് പലിവാല്‍, മുളന്തുരുത്തി എസ്.എച്ച്.ഒ: പി.എസ്. ഷിജു, കാലടി എസ്.എച്ച്.ഒ: എന്‍.എ. അനൂപ്, എസ്.ഐമാരായ ടി.ബി. ബിബിന്‍, പി.സി. പ്രസാദ്, എ.എസ്.ഐ: ടി.എസ്. സിജു, എസ്.സി.പി.ഒമാരായ എം.വി.ബിനു, എം.ആര്‍.രാജേഷ്, പി.എ.ഷിബു, കെ.പി. ഹബീബ്, വി.ആര്‍. അനില്‍കുമാര്‍, എം.എസ്. ദിലീപ്കുമാര്‍, പി.എം. റിതേഷ് എന്നിവര്‍ അംഗങ്ങളായിരുന്നു




