നോട്ട് നിരോധനം റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി: വിധിയുടെ വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് നിരോധനം റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി വിധിച്ചു. ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് നടപടിക്രമങ്ങളും നിയമസാധുതയും പരിശോധിച്ചത്. നോട്ട് നിരോധനത്തില്‍ കേന്ദ്രസര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് ഭൂരിപക്ഷവിധിയില്‍ പറഞ്ഞു. അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസ് ഗവായ് ആണ് ഭൂരിപക്ഷ വിധി വായിച്ചത്. ആര്‍ബിഐയുമായി ചര്‍ച്ച ചെയ്ത് സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു.

നോട്ടുനിരോധനം പോലുള്ള സാമ്പത്തിക വിഷയങ്ങളില്‍ കോടതിയുടെ ഇടപെടല്‍ നല്ലതല്ലെന്ന് ഗവായ് വ്യക്തമാക്കി. കേന്ദ്രത്തിന്റെ നടപടിയില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് പറയാനാവില്ലെന്നും വിധിപ്രസ്താവത്തില്‍ പറയുന്നു. സര്‍ക്കാര്‍ വേണ്ടത്ര കൂടിയാലോചനകള്‍ നടത്തിയെന്നാണ് വ്യക്തമാകുന്നത്. സര്‍ക്കാര്‍ എന്താണോ ലക്ഷ്യമിട്ടത് അത് നേടാനായോ എന്നത് പ്രസക്തമല്ല. സാമ്പത്തിക വിഷയങ്ങളില്‍ സര്‍ക്കാരിന് തന്നെയാണ് പരമാധികാരമെന്നും ഗവായ് വിധിയില്‍ പറഞ്ഞു

ലക്ഷ്യങ്ങളെല്ലാംപൂര്‍ത്തീകരിക്കപ്പെട്ടോ ഇല്ലയോ എന്നത് പ്രസക്തമല്ല

നോട്ട് നിരോധിക്കാന്‍ മോദി സര്‍ക്കാര്‍ മുന്നോട്ട് വെച്ച മൂന്ന് കാരണങ്ങളുണ്ടായിരുന്നു. വ്യാജനോട്ട് തടയല്‍, കള്ളപ്പണം തടയല്‍, തീവ്രവാദത്തിനുള്ള ധനസഹായം ഇല്ലാതാക്കള്‍, നികുതിവെട്ടിപ്പ് തടയല്‍ എന്നീ കാരണങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധനത്തിന് കാരണമായി ചൂണ്ടിക്കാട്ടിയത്. ഈ ലക്ഷ്യങ്ങളെല്ലാം പ്രധാനമാണ്. അവ പൂര്‍ത്തീകരിക്കപ്പെട്ടോ ഇല്ലയോ എന്നത് പ്രസക്തമല്ലെന്നും ജസ്റ്റിസ് ബി.ആര്‍. ഗവായ് വിധിച്ചു. 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കി കേന്ദ്ര സര്‍ക്കാര്‍ 2016 നവംബര്‍ എട്ടിന് പുറപ്പെടുവിച്ച വിജ്ഞാപനം ഭരണഘടനാപരമാണെന്നും ജസ്റ്റിസ് ബി.ആര്‍. ഗവായ് പുറപ്പെടുവിച്ച വിധിയില്‍ പറയുന്നു. റിസര്‍വ്വ് ബാങ്കുമായി വേണ്ടത്ര കൂടിയാലോചനകള്‍ നടത്തിയാണ് കേന്ദ്രം നോട്ട് നിരോധിക്കാനുള്ള തീരുമാനം എടുത്തതെന്നും റിസര്‍വ്വ് ബാങ്ക് നിയമത്തിലെ 26(2) വകുപ്പ് പ്രകാരം ഒരു ഡിനോമിനേഷനിലുള്ള മുഴുവന്‍ നോട്ടുകളും നിരോധിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിനുണ്ടെന്നും ജസ്റ്റിസ് ബി.ആര്‍. ഗവായ് പറഞ്ഞു.

ഭിന്നവിധിയുമായി ജസ്റ്റിസ് നാഗരത്ന

അതേസമയം, വിഷയത്തില്‍ ഭിന്നവിധിയാണ് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് നാഗരത്ന പുറപ്പെടുവിച്ചത്. ഗവായിയുടെ വിധിയില്‍ വിയോജിപ്പുണ്ടെന്ന് പറഞ്ഞ നാഗരത്ന, നടപടിക്രമങ്ങള്‍ പാലിച്ചെന്ന വിധിയോട് യോജിപ്പില്ലെന്നും പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയോ ഓര്‍ഡിനന്‍സ് ഇറക്കുകയോ വേണമായിരുന്നു എന്നും വ്യക്തമാക്കി. പാര്‍ലമെന്റിനെ ഒഴിച്ചുനിര്‍ത്തിയുള്ള നടപടി ആശ്വാസ്യമല്ല. നോട്ട് അസാധുവാക്കല്‍ നടപടിക്ക് തുടക്കംകുറിക്കാന്‍ കേന്ദ്രസര്‍ക്കാരിന് കഴിയില്ലെന്ന് നാഗരത്നയുടെ വിധിയില്‍ പറയുന്നു. ഇത്തരമൊരു നടപടി സ്വീകരിക്കാന്‍ അധികാരം റിസര്‍വ് ബാങ്കിനാണെന്നും നാഗരത്നയുടെ വിധിയില്‍ വിശദീകരിച്ചു.
‘എന്റെ വീക്ഷണത്തില്‍, നവംബര്‍ 8-ലെ നോട്ടിഫിക്കേഷന്‍ നടപടി നിയമവിരുദ്ധമാണ്. എന്നാല്‍ അത് 2016-ല്‍ ആയിരുന്നതിനാല്‍ പഴയ സ്ഥിതി പുനഃസ്ഥാപിക്കാന്‍ കഴിയില്ല. നിയമത്തിന് വിരുദ്ധമായ ഒരു അധികാര പ്രയോഗമാണ്, അതിനാല്‍ അത് നിയമവിരുദ്ധമാണ്’.- വിധിയില്‍ പറയുന്നു. ഇത് നടപ്പിലാക്കിയ രീതി നിയമത്തിന് അനുസൃതമായല്ല, താന്‍ ചോദ്യം ചെയ്യുന്നത് പ്രവര്‍ത്തിയുടെ മഹത്തായ ലക്ഷ്യങ്ങളെയല്ല, മറിച്ച് നിയമപരമായ വീക്ഷണത്തെക്കുറിച്ച് മാത്രമാണെന്നും അവര്‍ വ്യക്തമാക്കുന്നു. ‘നോട്ട് നിരോധനം, ഒരു സംശയത്തിനും അതീതമായി, സദുദ്ദേശ്യത്തോടെയുള്ളതായിരുന്നു. മികച്ച ഉദ്ദേശ്യവും ശ്രേഷ്ഠമായ വസ്തുക്കളും ചോദ്യം ചെയ്യപ്പെടുന്നില്ല. തികച്ചും നിയമപരമായ വിശകലനത്തിലൂടെ മാത്രമാണ് ഈ നടപടി നിയമവിരുദ്ധമായി കണക്കാക്കപ്പെടുന്നത്, നോട്ട് നിരോധനത്തിന്റെ ലക്ഷ്യങ്ങളല്ല, തീരുമാനത്തെ നല്ല ഉദ്ദേശവും നല്ല ചിന്തയും എന്ന് വിളിക്കുന്നു. കള്ളപ്പണം, തീവ്രവാദ ഫണ്ടിംഗ്, കള്ളപ്പണം തുടങ്ങിയ തിന്മകളെയാണ് ഇത് ലക്ഷ്യമിട്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘ആര്‍ബിഐ നിയമപ്രകാരം, നോട്ട് നിരോധനത്തിനുള്ള ശുപാര്‍ശ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡില്‍ നിന്നാണ് ഉണ്ടാകേണ്ടത്’ എന്നായിരുന്നു ഹരജിക്കാരുടെ വാദത്തിന്റെ കാതല്‍. എന്നാല്‍ ഈ സാഹചര്യത്തില്‍, അത്തരമൊരു ശുപാര്‍ശക്കായി കേന്ദ്രം നവംബര്‍ 7 നാണ് ആര്‍ ബി ഐക്ക് കത്തെഴുതയത്. മുന്‍ സംഭവങ്ങളെപ്പോലെ, എക്സിക്യൂട്ടീവ് വിജ്ഞാപനത്തിലൂടെയല്ല, പാര്‍ലമെന്റിന്റെ ഒരു നിയമത്തിലൂടെയാണ് നോട്ട് നിരോധനം ആരംഭിക്കാനാകുകയെന്നും ജസ്റ്റിസ് നാഗരത്ന അഭിപ്രായപ്പെട്ടു.

പരിഗണിച്ചത് 58 ഹര്‍ജികള്‍

നോട്ട് നിരോധന നടപടിയെ ചോദ്യം ചെയ്ത് 58 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലെത്തിയത്. നോട്ട് നിരോധിക്കാനുള്ള തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.58 ഹര്‍ജികളാണ് പരിഗണിച്ചത്. 2016 നവംബര്‍ 8നാണ് രാജ്യത്ത് 500, 1000 രൂപയുടെ നോട്ടുകള്‍ മോഡിസര്‍ക്കാര്‍ നിരോധിച്ചത്.

Share
അഭിപ്രായം എഴുതാം