ഡല്‍ഹിയില്‍ വിദ്യാര്‍ഥിനിക്ക് നേരേ ആസിഡ് ആക്രമണം: 3 പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: പട്ടാപ്പകല്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരേ ആസിഡ് ആക്രമണം. ദ്വാരകയിലെ മോഹന്‍ ഗാര്‍ഡനില്‍ 14/12/2022 രാവിലെയായിരുന്നു സംഭവം. ബൈക്കിലെത്തിയ 2 പേര്‍ 17 വയസുകാരിയുടെ മുഖത്തേക്ക് ആസിഡൊഴിച്ചത്. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട് മൂന്നു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

സഹോദരിക്കൊപ്പം സ്‌കൂളിലേക്ക് പോകുന്നതിനിടെയാണു വിദ്യാര്‍ഥിനി നേരേ ആക്രമണത്തിന് ഇരയായത്. സംഭവത്തിന്റെ സി.സി.ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പെണ്‍കുട്ടികള്‍ റോഡരികിലൂടെ നടന്നുപോകുമ്പോള്‍ രണ്ടുപേര്‍ ബൈക്കില്‍ വരുന്നതും വിദ്യാര്‍ഥിനിയുടെ മുഖത്തേക്ക് ഇവരുടെ കൈയിലുണ്ടായിരുന്ന ദ്രാവകം ഒഴിക്കുന്നതുമാണു ദൃശ്യങ്ങളിലുള്ളത്.

ഇതിനുപിന്നാലെ പെണ്‍കുട്ടി മുഖംപൊത്തി ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. മകളുടെ കണ്ണിലടക്കം ആസിഡ് വീണതായി പിതാവ് പറഞ്ഞു. 17 ഉം 13 ഉം വയസ് പ്രായമുള്ള രണ്ട് പെണ്‍മക്കളും രാവിലെ ഒരുമിച്ചാണു വീട്ടില്‍നിന്ന് പോയത്. മുഖം മറച്ചെത്തിയ അക്രമികള്‍ ബൈക്കില്‍ രക്ഷപ്പെട്ടെന്നും പിതാവ് പറഞ്ഞു. ആരെങ്കിലും ശല്യംചെയ്തിരുന്നതായി മകള്‍ ഇതുവരെ പരാതിപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി വേണെമെന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ പരസ്യമായി വധശിക്ഷയ്ക്കു വിധേയമാക്കണമെന്ന് ബി.ജെ.പി. എം.പിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍ പറഞ്ഞു. സംഭവത്തെ അപലപിച്ച് ഡല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മലിവാളും രംഗത്തെത്തി.എന്തുകൊണ്ടാണ് ആസിഡ് വില്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്താത്തതെന്നും ആരെങ്കിലും ഇവിടെ നിയമത്തെ ഭയക്കുന്നുണ്ടോ എന്നുമായിരുന്നു വനിത കമ്മിഷന്‍ അധ്യക്ഷയുടെ പ്രതികരണം.

Share
അഭിപ്രായം എഴുതാം