കൊച്ചി: കേരള ഹൈക്കോടതിയിലെ സീനിയര്‍ ജഡ്ജി കെ. വിനോദ് ചന്ദ്രനെ(59) ഗുവാഹത്തിഹൈക്കോടതി ജഡ്ജിയായി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം കേന്ദ്രസര്‍ക്കാരിനു ശിപാര്‍ശ നല്‍കി. ഗുവാഹത്തിഹൈക്കോടതി ചീഫ് ജസ്റ്റിസ് ആര്‍.എം. ഛായ 2023 ജനുവരി 12 നു വിരമിക്കും. തുടര്‍ന്നു വിനോദ് ചന്ദ്രന്‍ ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും.
ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനെ നേരത്തെ മുംബൈഹൈക്കോടതി ജഡ്ജിയായി നിയമിക്കാന്‍ സുപ്രീം കോടതി കൊളീജിയം ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നില്ല. എറണാകുളം നോര്‍ത്ത് പറവൂര്‍ സ്വദേശിയായ ജസ്റ്റിസ് വിനോദ് ചന്ദ്രന്‍, 2007 ല്‍ ഇടതു സര്‍ക്കാരിന്റെ കാലത്തു സ്‌പെഷല്‍ ഗവ. പ്ലീഡര്‍ (നികുതി) ആയിരുന്നു. ഉത്തരാഖണ്ഡ് ഹൈക്കോടതി സീനിയര്‍ ജഡ്ജി സഞ്ജയ് കുമാര്‍ മിശ്രയെ ഝാര്‍ഖണ്ഡ് ചീഫ് ജസ്റ്റിസായും ഗുവാഹത്തി ഹൈക്കോടതി സീനിയര്‍ ജഡ്ജി എന്‍. ക്വതിശ്വര്‍ സിങ്ങിനെ ജമ്മു കശ്മിര്‍ ചീഫ് ജസ്റ്റിസായും നിയമിക്കും. ഝാര്‍ഖണ്ട് ചീഫ് ജസ്റ്റിസ് രവി രഞ്ജന്‍ 2022 ഡിസംബർ മാസം 20 നു വിരമിക്കുന്ന ഒഴിവിലാകും പുതിയ നിയമനങ്ങള്‍.

