നിലമ്പൂര്‍: നാടുകാണി ചുരത്തില്‍ കാറിനുനേരെ കാട്ടാനയുടെ ആക്രമണം. കൈക്കുഞ്ഞ് ഉള്‍പ്പടെ കാറിലുണ്ടായിരുന്ന കുടുംബം തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. കഴിഞ്ഞ രാത്രി ഒമ്പതരയോടെ ചുരത്തില്‍ തണുപ്പന്‍ചോലക്ക് സമീപമാണ് ആനയുടെ ആക്രമണം ഉണ്ടായത്. വഴിക്കടവ് മുണ്ട ആശാരിപ്പൊട്ടി സ്വദേശികളായ കൂട്ടിലാടി മന്‍സൂര്‍ (35), മന്‍സൂറിന്റെ മകന്‍ റബീഹ്(4), മാതാവ് സുബൈദ (85), സഹോദരന്റെ ഭാര്യ ഷംന ഷെറിന്‍, മകന്‍ ആമില്‍ (ഒന്നര) എന്നിവരാണു കാറിലുണ്ടായിരുന്നത്.
ഗൂഡല്ലൂരിലെ സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങുന്നതിനിടെയാണ് ചുരത്തില്‍ കാട്ടാനകൂട്ടത്തിന്റെ മുന്നില്‍ അകപ്പെട്ടത്. റോഡരികിലും സമീപവുമായി അഞ്ച് ആനകളാണുണ്ടായിരുന്നത്. ഇതില്‍ മാറിനില്‍ക്കുകയായിരുന്ന ഒരാന കാറിനുനേരെ പാഞ്ഞടുക്കുകയായിരുന്നു. ആന അടുത്തെത്തിയതോടെ മന്‍സൂര്‍ കാര്‍ നിര്‍ത്തി ഓഫാക്കി. കാറിന്റെ മുന്നിലെ ബംമ്പര്‍ ആന ചവിട്ടി തെറിപ്പിച്ചു. ബോണറ്റിലും ആന മുട്ട് മടക്കിചവിട്ടി. പരാക്രമം കണ്ട് ഇവരുടെ കാറിന്റെ പിന്നിലുണ്ടായിരുന്ന കാറിന്റെ പിന്‍ഭാഗത്തെ ചില്ലുകള്‍ മുളയില്‍ തട്ടി തകര്‍ന്നു. മറ്റു വാഹനങ്ങളുടെ ഹെഡ് ലൈറ്റുകള്‍ കണ്ടതോടെ ചിഹ്‌നം വിളിച്ച് ആന പിന്തിരിഞ്ഞ് ആനക്കൂട്ടത്തോടൊപ്പം കാട് കയറുകയായിരുന്നു. കാറിലുണ്ടായിരുന്ന ആര്‍ക്കും പരുക്കില്ല. കാറിന്റെ മുന്‍ഭാഗം തകര്‍ന്നെങ്കിലും ഈ വാഹനത്തില്‍ തന്നെയാണ് കുടുംബം ചുരം ഇറങ്ങിയത്. ആനമറിയിലെ വനം ചെക്ക്‌പോസ്റ്റില്‍ വിവരം നല്‍കി

