കണ്ണൂര്‍: ഖാദി ബോര്‍ഡിനെ ഇല്ലാതാക്കാന്‍ ചിലര്‍ ദുഷ്പ്രചാരണം നടത്തുന്നുവെന്ന് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍. താത്കാലിക ജീവനക്കാരിയായിരുന്ന നിഷയെ പിരിച്ചുവിട്ട സംഭവം വിവാദമാക്കാനാണ് ശ്രമം. റിബേറ്റ് സീസണില്‍ താത്കാലികമായി നിയമിച്ചയാളെയാണ് പറഞ്ഞുവിട്ടത്. അവരെ റിബേറ്റ് സീസണ്‍ കഴിഞ്ഞാല്‍ ഒഴിവാക്കാറുണ്ട്. സര്‍ക്കാര്‍ മാറിവരുമ്പോള്‍ ചിലരെ ഒഴിവാക്കാറില്ല. വസ്തുതകള്‍ മറച്ചുവച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കണ്ണൂര്‍ ലേബര്‍ കോടതി വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടില്ലെന്നതു തെറ്റാണെന്നും രാഷ്ട്രീയ അജണ്ട വച്ചാണ് നിഷ പെരുമാറുന്നതെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.
വില്‍പ്പനവിഭാഗത്തിലെ ദിവസവേതനക്കാരിയെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ടാണ് ഡി.സി.സി. പ്രസിഡന്റ് വാര്‍ത്താസമ്മേളനം നടത്തിയത്. ഖാദി ബോര്‍ഡില്‍ 37 വര്‍ഷം വരെ സര്‍വീസ് ഉള്ള ദിവസവേതനക്കാരിയായ പാത്തുമ്മയടക്കം നിരവധി പേരുണ്ട്. സെയില്‍സ് വിഭാഗത്തിലെ ദിവസവേതനക്കാര്‍ 25 വര്‍ഷത്തിനു മേലെ അഞ്ചുപേരും 10 മുതല്‍ 25 വര്‍ഷത്തിനുമിടയില്‍ 20 പേരും അഞ്ചു വര്‍ഷത്തിനുമേല്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ 10 പേരുമുണ്ട്. ഇവരെയൊന്നും സ്ഥിരപ്പെടുത്തിയിട്ടില്ല. പത്ത് വര്‍ഷം വരെ സര്‍വീസുള്ളവരെ സ്ഥിരപ്പെടുത്തുന്നുവെന്ന് ആരോപിച്ച് 2021ല്‍ ഹൈക്കോടതിയില്‍ ഐ.എന്‍.ടി.യു.സി. ജനറല്‍ സെക്രട്ടറി ഹര്‍ജി കൊടുത്തിരുന്നു.
പിന്നീട് അങ്ങനെയൊരു നീക്കം നടത്തിയില്ല. അതാണ് സര്‍വീസിലുള്ളവര്‍ക്കു തിരിച്ചടിയായത്. ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്ന സ്ത്രീക്ക് നാലു വര്‍ഷം മാത്രമാണ് സര്‍വീസുള്ളത്. ഈ വസ്തുത നിലനില്‍ക്കെ ഡി.സി.സി. പ്രസിഡന്റ് തെറ്റിദ്ധരിപ്പിക്കുകയാണ്. പരാതിക്കാരി ഹൈക്കോടതി വിധിക്കെതിരെയാണ് വാത്താസമ്മേളനം നടത്തിയത്. തന്നെ സ്ഥിരപ്പെടുത്തണമെന്ന കണ്ണൂര്‍ ലേബര്‍ കോടതി വിധി സ്‌റ്റേ ചെയ്തിട്ടില്ലെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തിട്ടുണ്ട്.
ഒരു ജോലി തിരികെ വേണമെന്നു പറയുന്ന സഹോദരിയെ ആക്ഷേപിക്കുന്നില്ല. ഡിസംബര്‍ 19 മുതല്‍ ജനുവരി അഞ്ചു വരെ ക്രിസ്മസ് ന്യൂ ഇയര്‍ റിബേറ്റ് സീസണ്‍ ആരംഭിക്കും. ഖാദി ഭവന്‍ കണ്ണൂരില്‍ 19നു രാവിലെ ടി. പദ്മനാഭന്‍ റിബേറ്റ് മേള ഉദ്ഘാടനം ചെയ്യും. 150 കോടിയുടെ വില്‍പ്പനയാണ് ലക്ഷ്യമിടുന്നതെന്നും പി. ജയരാജന്‍ പറഞ്ഞു.