ഗുസ്തിതാരത്തെ ഇറാന്‍ പരസ്യമായി തൂക്കിലേറ്റി

ടെഹ്‌റാന്‍: ഹിജാബ് വിരുദ്ധപ്രക്ഷോഭത്തെ അനുകൂലിച്ചതിന്റെ പേരില്‍ രണ്ടാമത്തെ വധശിക്ഷ നടപ്പാക്കി ഇറാന്‍. ഗുസ്തിതാരം മജിദ്രേസ രഹ്‌നവാദിനെയാണ് (23) പരസ്യമായി തൂക്കിലേറ്റിയത്.

12/12/2022 തിങ്കളാഴ്ച പുലര്‍ച്ചെ മഷാദ് നഗരത്തിലാണു ശിക്ഷ നടപ്പാക്കിയത്. ബാസിജ് റെസിസ്റ്റന്‍സ് ഫോഴ്‌സ് എന്ന അര്‍ധെസെനിക വിഭാഗത്തിലെ രണ്ടുപേരെ കുത്തിക്കൊന്നു എന്ന കേസാണ് മജിദ്രേസയ്ക്കുമേല്‍ ചുമത്തിയത്.

ദൈവനിന്ദാക്കുറ്റം ആരോപിച്ചാണ് വധശിക്ഷ വിധിച്ചത്. നടപടിക്രമം പാലിക്കാതെ പ്രഹസന വിചാരണ നടത്തി പ്രതിഷേധക്കാര്‍ക്ക് വധശിക്ഷ വിധിക്കുകയാണെന്നു മനുഷ്യാവകാശ സംഘടനകള്‍ ആരോപിച്ചു.നിര്‍ബന്ധിത കുറ്റസമ്മതത്തിന്റെയും നീതിരഹിതമായ വിചാരണയുടെയും അടിസ്ഥാനത്തിലാണു രഹ്‌നവാദിനു വധശിക്ഷ വിധിച്ചതെന്നു നോര്‍വെ ആസ്ഥാനമായുള്ള ഇറാന്‍ ഹ്യൂമന്റെെറ്റ്‌സിന്റെ ഡയറക്ടര്‍ മഹ്‌മൂദ് അമിരി-മൊഘാദാം ട്വീറ്റ് ചെയ്തു.

”ആയിരക്കണക്കിനാളുകളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു ഡസന്‍ വധശിക്ഷകളാണ് ഇതിനകം പുറപ്പെടുവിച്ചിരിക്കുന്നത്. കൂട്ട വധശിക്ഷ നടപ്പാക്കാനുള്ള സാധ്യതയുമുണ്ട്.”-മൊഘാദാം പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ആദ്യ വധശിക്ഷ നടപ്പാക്കിയത്. തെഹ്‌റാനില്‍ ബാസിജ് അംഗത്തെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചെന്ന കുറ്റംചുമത്തി 23 വയസുകാരനായ മൊഹ്‌സെന്‍ ഷെക്കാരിയാണ് ശിക്ഷിക്കപ്പെട്ടത്.

ഒരു കൂട്ടം മഷാദി പൗരന്മാരുടെ സാന്നിധ്യത്തിലാണ് മജിദ്രേസ രഹ്‌നവാദിനെ തൂക്കിലേറ്റിയതെന്നു ജുഡീഷ്യറിയുടെ മിസാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ക്രെയിനിന്റെ കേബിളില്‍ ഒരാള്‍ തൂങ്ങിക്കിടക്കുന്നതടക്കം വധശിക്ഷ നടപ്പാക്കുന്ന ചിത്രങ്ങളും പുറത്തുവിട്ടിട്ടുണ്ട്. വധശിക്ഷ നടപ്പാക്കുന്ന കാര്യം രഹ്‌നവാദിന്റെ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നില്ലെന്നു പ്രതിപക്ഷ പ്രവര്‍ത്തകര്‍ ആരോപിച്ചു. രാവിലെ ഒരു ഉദ്യോഗസ്ഥന്‍ ഫോണില്‍ വിളിച്ചു നിങ്ങളുടെ മകനെ വധിച്ചെന്നും സംസ്‌കാരം നടത്തിയെന്നും അറിയിക്കുകയായിരുന്നു. അറസ്റ്റിലായി 23 ദിവസത്തിന് ശേഷമാണ് രഹ്‌നവാദ് തൂക്കിലേറ്റപ്പെട്ടത്.നവംബര്‍ 17 ന് മഷാദിലെ ഒരു തെരുവില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാരുടെ അടുക്കലേക്ക് എത്തിയ ബാസിജ് അംഗങ്ങളെ കുത്തിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. വധശിക്ഷകള്‍ക്ക് ഉത്തരവാദികളായവര്‍ക്ക് എതിരേ ഉപരോധം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് യൂറോപ്യന്‍ യൂണിയന്‍ ആലോചിക്കണമെന്നു ജര്‍മന്‍ വിദേശകാര്യ മന്ത്രി അന്നലീന ബേര്‍ബോക്ക് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →