ഹൈക്കോടതി ഉത്തരവിന്റെ പാശ്ചാത്തലത്തിൽ മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ തല‍്കാലം കേസെടുക്കേണ്ടന്ന് പോലീസ് തീരുമാനം

കൊച്ചി: ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ റവന്യു ഭൂമി കയ്യേറിയിട്ടുണ്ടോയെന്ന് പരിശോധിച്ച് മൂന്നു മാസത്തിനുള്ളിൽ തീരുമാനമെടുക്കാൻ ലാൻറ് റവന്യു കമ്മീഷണർക്ക് കേരള ഹൈക്കോടതി നിർദ്ദേശം നൽകി. ഒഴിപ്പിക്കലിനെതിരെ രാജേന്ദ്രൻ നൽകിയ ഹർജി തീർപ്പാക്കിയാണ് കോടതിയുടെ നിർദ്ദേശം.

മൂന്നാർ വില്ലേജിലെ സർവെ നമ്പർ 843 എയിൽ പെട്ട 9 സെൻറ് ഭൂമിക്കാണ് എസ് രാജേന്ദ്രനും കുടുംബത്തിനും പട്ടയം ലഭിച്ചിരിക്കുന്നത്. എന്നാൽ ഇദ്ദേഹത്തിന്റെ കൈവശമുള്ളത് സർവെ നമ്പർ 912ൽ പെട്ട ഭൂമിയാണ്. ഇത് സാങ്കേതിക പ്രശ്നമാണെന്നും സർവെ നമ്പർ തിരുത്തണമെന്നും ആവശ്യപ്പെട്ട് നേരത്തെ ദേവികുളം സബ് കളക്ടർക്ക് രാജേന്ദ്രൻ അപേക്ഷ നൽകിയിരുന്നു. ഹാജരാക്കിയ രേഖകളിലെയും റവന്യൂ റെക്കോഡുകളിലെയും അതിരുകൾ വ്യത്യാസം ഉള്ളതിനാൽ അപേക്ഷ നിരസിക്കുകയായിരുന്നു.

.ഇതിനെതിരെ രാജേന്ദ്രൻ 2022 നവംബർ ഒൻപതിന് ലാന്റ് റവന്യൂ കമ്മീഷണർക്ക് പരാതി നൽകി. ഈ പരാതി പരിശോധിച്ച് ഉടൻ തീരുമാനമെടുക്കാനാണ് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. പുറമ്പോക്ക് ഭൂമി കൈയ്യേറിയെന്നും ഒഴിഞ്ഞുപോകണമെന്നും ആവശ്യപെട്ട് മൂന്നാർ വില്ലേജ് ഓഫീസർ നൽകിയ നോട്ടീസിനെതിരെ രാജേന്ദ്രൻ കോടതിയെ സമീപിച്ചിരുന്നു. ഈ കേസ് തീർപ്പാക്കിയുള്ള കോടതി ഉത്തരവിലാണ് ലാൻറ് റവന്യു കമ്മീഷണർക്ക് നിർദ്ദേശം നൽകിയത്.

അപേക്ഷയിൽ തീരുമാനമാകുന്നത് വരെ ഒഴിപ്പിക്കൽ നടപടികളൊന്നും എടുക്കരുതെന്നും ഉത്തരവിട്ടിട്ടുണ്ട്. ഇതോടെ പോലീസ് രാജേന്ദ്രനെതിരെ തൽകാലം കേസെടുക്കേണ്ടന്ന് തീരുമാനിച്ചു. ലാന്റ് റവന്യു കമ്മീഷണറുടെ തീരുമാനം രാജേന്ദ്രനെതിരായാൽ ഉടൻ കേസെടുക്കാനാണ് നിലവിൽ ധാരണയായിരിക്കുന്നത്.

Share
അഭിപ്രായം എഴുതാം