തലശ്ശേരി: കൊടുവള്ളി റെയില്‍വേ മേല്‍പ്പാലം നിര്‍മ്മാണ പ്രവൃത്തി 2023 മാര്‍ച്ചോടെ പൂര്‍ത്തിയാക്കും. സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കേരളാ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
400 മീറ്റര്‍ നീളത്തിലും 10.5 മീറ്റര്‍ വീതിയിലും കോമ്പോസിറ്റ് സ്റ്റീല്‍ സ്ട്രക്ചര്‍ ഉപയോഗിച്ചാണ് പാലം നിര്‍മ്മാണം. പാലത്തിന്റെ പൈല്‍ ക്യാപ്പ് വരെ കോണ്‍ക്രീറ്റും ബാക്കിയുള്ള ഭാഗം സ്റ്റീലും ഉപയോഗിച്ചാണ് നിര്‍മ്മിക്കുക. യാര്‍ഡില്‍ നിര്‍മ്മിച്ച് കൊണ്ടുവന്ന് ഘടിപ്പിക്കുന്ന രീതിയാണ് ഇവിടെ അവലംബിച്ചത്. 50 പൈലുകളുടെയും പൈല്‍ ക്യാപ്പുകളുടേയും നിര്‍മ്മാണം പൂര്‍ത്തിയായി. സ്ലാബിനടിയില്‍ വരുന്ന ഭീമുകള്‍ കോണ്‍ക്രീറ്റില്‍ നിര്‍മ്മിക്കുന്നതാണ് പതിവ് രീതി. എന്നാല്‍ ഇവിടെ സ്റ്റീലിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ നിര്‍മ്മിക്കുന്നത്. റെയില്‍വേ സ്ലാബുകള്‍ ഒഴികെ മറ്റ് മുഴുവന്‍ നിര്‍മ്മാണ പ്രവൃത്തിയുടെയും ചുമതല എസ് പി എല്‍ പ്രൈവറ്റ് ലിമിറ്റഡിനാണ്. റെയില്‍വേ സ്ലാബുകള്‍ ടൂള്‍ ഫാബും നിര്‍മ്മിക്കും.
ഇല്ലിക്കുന്നില്‍ പിണറായിലേക്കുള്ള ഭാഗത്ത് മണ്ണിട്ട് ഉയര്‍ത്തി പ്രവര്‍ത്തി പൂര്‍ത്തീകരിക്കേണ്ടതിനാല്‍ 15 ദിവസത്തേക്ക് യാത്രാ നിയന്ത്രണം ആവശ്യമുള്ളതായി ആര്‍ ബി ഡി സി കെ ജനറല്‍ മാനേജര്‍ ടി എസ് സിന്ധു അറിയിച്ചു. ഈ പ്രവൃത്തി ഉടന്‍ ആരംഭിക്കും. 19 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം. തലശ്ശേരി ഗവ. റസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ ആര്‍ബിഡിസികെ ഡെപ്യൂട്ടി കലക്ടര്‍ കെ കെ അനില്‍കുമാര്‍, പ്രോജക്ട് എന്‍ജിനീയര്‍ കെ അനീഷ്, റൈറ്റ്‌സ് സീനിയര്‍ ഡിജിഎം കെ ലക്ഷ്മിനാരായണന്‍, ക്യൂ സി ഇ എസ് എസ് ശോബിക് കുമാര്‍, എന്‍ജിനീയര്‍ ആര്‍ എ അരവിന്ദ്, എസ് പി എല്‍ ചീഫ് പ്രോജക്ട് കോഡിനേറ്റര്‍ അശോക് ആനന്ദ്, ഫിനാന്‍സ് കോ ഓര്‍ഡിനേറ്റര്‍ കെ രാജേഷ്, പ്രോജക്ട് മാനേജര്‍ സെങ്കുട്ടുവന്‍ എന്നിവര്‍ പങ്കെടുത്തു.




