റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കത്ത് വിവാദത്തിൽ മേയറെ സംരക്ഷിക്കാൻ സി.പി.എം നീക്കം: നവംബർ 7 ന് ചേരുന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങൾ വിഷയം ചർച്ച ചെയ്യും

November 7, 2022 - 7:22 am

തിരുവനന്തപുരം: നഗരസഭയിലെ താൽക്കാലിക നിയമനത്തിന് പാർട്ടിക്കാരുടെ പട്ടിക ചോദിച്ച് മേയർസി.പി.എം ജില്ലാ സെക്രട്ടറിക്ക് അയച്ചതായി പ്രചരിക്കുന്ന വിവാദ കത്തിനെ സംബന്ധിച്ച ദുരൂഹത നീങ്ങുന്നില്ല. കത്ത് തന്റേതല്ലെന്നും ഉറവിടമന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മേയർ ആര്യാ രാജേന്ദ്രൻ മുഖ്യമന്ത്രിയെ സമീപിച്ചെങ്കിലും, കത്ത് വ്യാജമാണോയെന്ന് തെളിച്ച് പറയാതെ ഉരുളുകയാണ് മേയറും പാർട്ടിയും.കത്ത് വ്യാജമാണോയെന്നതടക്കം അന്വേഷിക്കട്ടെയെന്നാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയ ശേഷം വാർത്താസമ്മേളനത്തിൽ മേയർ പറഞ്ഞത്.

പിൻവാതിൽ നിയമനം പാർട്ടി രീതിയല്ലെന്ന് വ്യക്തമാക്കിയ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും, കത്തെങ്ങനെ രൂപപ്പെട്ടെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തട്ടെയെന്നാണ് പറഞ്ഞത്. താൽക്കാലിക നിയമനത്തിന് ആളുകളെ നിശ്ചയിച്ച് നൽകുന്നത് പാർട്ടി ജില്ലാ സെക്രട്ടറിയാണെന്ന പ്രതിപക്ഷ ആക്ഷേപമുണ്ടാക്കുന്ന ക്ഷീണം മറികടക്കാൻ കൊണ്ടുപിടിച്ച ശ്രമത്തിലാണ് സി.പി.എം. ഇതിന്റെ ഭാഗമായാണ്, അന്വേഷണമാവശ്യപ്പെട്ടുള്ള പരാതി. എന്നാൽ, നഗരസഭാ പാർലമെന്ററി പാർട്ടിയറിയാതെ ഇങ്ങനെയൊരു കത്തെങ്ങനെ പോയെന്ന ചോദ്യവും ദുരൂഹമാണ്.വിവാദത്തിൽ മേയറെ സംരക്ഷിക്കാനാണ് സി.പി.എം നീക്കം. സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവുമാരോപിച്ച് മേയറുടെ രാജിക്കായി പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുകയാണെങ്കിലും മേയറെ തള്ളിപ്പറയുന്നത് കൂടുതൽ ക്ഷീണമാകുമെന്ന് പാർട്ടി വിലയിരുത്തുന്നു.

ജില്ലാ നേതൃത്വത്തിൽ പല തട്ടിലായുള്ള ചേരിപ്പോരാണ് പാർട്ടിക്ക് ക്ഷീണമുണ്ടാക്കുന്ന തരത്തിൽ കാര്യങ്ങൾ വഷളാക്കിയതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിഗമനം. ഇങ്ങനെയൊരു കത്ത് ചോർന്ന് വാർത്തയായതിൽ നഗരസഭയിലെ പാർലമെന്ററി പാർട്ടി സെക്രട്ടറി ഡി.ആർ. അനിലിന്റെ ഭാഗത്ത് ജാഗ്രതക്കുറവുണ്ടായെന്ന് പാർട്ടി വിലയിരുത്തുന്നു. നവംബർ 7 ന് ചേരുന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങൾ വിഷയം ചർച്ച ചെയ്യും. വഞ്ചിയൂർ ഏരിയാ സെന്ററിന്റെ ഭാഗമായ ഡി.ആർ. അനിലിനോട് വിശദീകരണം തേടാൻ കീഴ്ഘടകത്തോട് നിർദ്ദേശിച്ചേക്കും. മേയറുടെ കത്തിന് പിന്നാലെ അനിലിന്റെ പേരിലുള്ള മറ്റൊരു കത്ത് ചോർന്നതും ചേരിപ്പോരിന്റെ ഭാഗമാണോയെന്ന് പരിശോധിച്ച് നടപടിയെടുക്കും.

നവംബർ 6ന് അടിയന്തരമായി ചേർന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ മേയറെയും ഡി.ആർ. അനിലിനെയും വിളിച്ചുവരുത്തി വിശദീകരണം തേടി. താനറിയാതെയാണ് കത്ത് പോയതെന്നാണ് മേയർ വിശദീകരിച്ചത്. ഓഫീസിൽ മേയറില്ലാത്തപ്പോഴും അത്യാവശ്യ കാര്യങ്ങൾക്ക് ഉപയോഗിക്കാനായി സ്പെസിമെൻ ഒപ്പുള്ള ലെറ്റർപാഡ് സൂക്ഷിക്കാറുണ്ട്. അതുപയോഗിച്ച് പാർലമെന്ററി പാർട്ടി ഓഫീസിലെ ആരെങ്കിലും കത്ത് തയ്യാറാക്കിയതാണോയെന്ന സംശയവും പാർട്ടിയിൽ ഉയരുന്നു.മേയർ തലസ്ഥാനത്തില്ലാത്ത ദിവസമാണ് കത്ത് പോയതെന്നതും, മേയർ നേരിട്ട് ഒപ്പു വച്ചിട്ടില്ലെന്നതുമാണ് സി.പി.എമ്മിന് പിടിവള്ളി. കത്ത് പാർലമെന്ററി പാർട്ടി സെക്രട്ടറി വഴി മെഡിക്കൽകോളേജ് ലോക്കൽ സെക്രട്ടറിയിലേക്കും പാർട്ടിയംഗങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിലേക്കും കൈമാറിയപ്പോൾ ആരോ ചോർത്തിയതാവാമെന്നാണ് വിലയിരുത്തൽ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *