കോപ് -27ന് തുടക്കം: വികസ്വര രാജ്യങ്ങള്‍ക്ക് നഷ്ടപരിഹാരം അജണ്ടയാവുന്ന ആദ്യ ഉച്ചകോടി

കെയ്റോ: വികസ്വര രാജ്യങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമോ എന്ന മുഖ്യ അജണ്ടയുമായി ഐക്യരാഷ്ട്ര സംഘടനയുടെ 27ാമത് വാര്‍ഷിക കാലാവസ്ഥാ ഉച്ചകോടിക്ക് (സിഒപി 27) ഈജിപ്തിലെ തെക്കന്‍ സിനായ് ഉപദ്വീപിയ മേഖലയിലെ തീരമുനമ്പായ ഷ്രം അല്‍ഷെയ്കില്‍ തുടക്കമായി.നഷ്ടപരിഹാരം വിഷയമാവുന്ന പ്രഥമ ഉച്ചകോടിയാണിത്. വികസ്വര രാജ്യങ്ങള്‍ക്കുള്ള കാലാവസ്ഥാ ധനസഹായം ഉറപ്പാക്കുംവിധം ഉച്ചകോടിയില്‍ ഇടപെടുക എന്ന ലക്ഷ്യവുമായി ആണ് ഇത്തവണ ഇന്ത്യയും ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.ആഗോളതാപനം കുറയ്ക്കുന്നതിനുള്ള നടപടിക്ക് വികസിത രാജ്യങ്ങള്‍ 10,000 കോടി ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നു.

2020 ആകുമ്പോഴേക്കും പണം നല്‍കുമെന്നായിരുന്നു വ്യവസ്ഥ. കണക്ക് പ്രകാരം വികസ്വര രാജ്യങ്ങളിലെ കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍ക്കായി വികസിത രാജ്യങ്ങള്‍ നല്‍കുന്നതും സമാഹരിച്ചതുമായ ധനസഹായം 2020ല്‍ 8300 ഡോളറാണ്. ഇതും ചര്‍ച്ചാ വിഷയമാവുംപ്രകൃതിദുരന്തങ്ങള്‍ വര്‍ധിക്കുന്നതിന്റെ മുഖ്യകാരണം ധനികരാജ്യങ്ങള്‍ ഹരിതഗൃഹ വാതകങ്ങള്‍ വന്‍തോതില്‍ പുറന്തള്ളുന്നതാണെന്നും കെടുതി അനുഭവിക്കേണ്ടിവരുന്നവിഭാഗത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും വികസ്വര രാജ്യങ്ങളുടെ കാലങ്ങളായുള്ള ആവശ്യമാണ്.

ഗ്ലാസ്‌കോ ഉച്ചകോടിയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിഷയം ഉന്നയിച്ചെങ്കിലും വന്‍കിട രാജ്യങ്ങള്‍ ചര്‍ച്ചയ്ക്ക് പോലും തയ്യാറായല്ല. എന്നാല്‍ ഇക്കുറി വിഷയം അജന്‍ഡില്‍ ഉള്‍പ്പെടുത്തുന്നത് കാലാവസ്ഥാ ദുരന്തങ്ങളുടെ ഇരകളോടുള്ള ഐക്യദാര്‍ഢ്യത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് സിഒപി 27 പ്രസിഡന്റ് സമേഹ് ഷൗക്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കാലാവസ്ഥ മാറ്റത്തിനെതിരെ പ്രതിജ്ഞകള്‍ തുടരുന്നതിനു പകരം രാജ്യങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങണമെന്ന് യുഎന്‍ കാലാവസ്ഥ ഉച്ചകോടിയുടെ ആതിഥേയരായ ഈജിപ്തിന്റെ ആഹ്വാനം ചെയ്തു. യുക്രെയ്‌നിലെ റഷ്യന്‍ ആക്രമണത്തിന്റെ ഫലമായുള്ള ഭക്ഷ്യ, ഊര്‍ജ പ്രതിസന്ധികള്‍ രാജ്യങ്ങളുടെ കാലാവസ്ഥ സംരക്ഷണ നടപടികള്‍ക്കു തടസ്സമാകരുതെന്ന് സമേഹ് ഷൗക്രി പറഞ്ഞു.

ആഗോളതാപന ദുരന്തഫലങ്ങള്‍ അനുഭവിക്കുന്ന ദരിദ്ര രാജ്യങ്ങള്‍ക്കുള്ള ധനസഹായപദ്ധതി ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. 120ല്‍ അധകം രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ വരുംദിവസങ്ങളില്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സംസാരിക്കും. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയവര്‍ പങ്കെടുക്കുന്നില്ല.

കടല്‍ക്കയറ്റവും ആഗോളതാപനവും ആശങ്കജനിപ്പിക്കുന്നതെന്ന് കാലാവസ്ഥാ റിപ്പോര്‍ട്ട്

കടല്‍ക്കയറ്റവും ആഗോളതാപനവും എക്കാലത്തേക്കാളും ഉയര്‍ന്ന നിലയിലാണെന്ന് കാലാവസ്ഥ സംഘടന വ്യക്തമാക്കി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇരട്ടിയിലധികമാണ് കടല്‍നിരപ്പ് ഉയരുന്നതെന്നും 2020ല്‍ ഇത് ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്നും ആഗോള കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറഞ്ഞു. നേരത്തേ വര്‍ഷം 2.1 മില്ലിമീറ്റര്‍ വീതം ഉയര്‍ന്നിരുന്ന കടല്‍ നിലവില്‍ അഞ്ച് മില്ലിമീറ്റര്‍ വീതമാണ് ഉയരുന്നത്. ആഗോളതാപനം കാരണം ഐസ് ഉരുകുന്നതാണ് സമുദ്രനിരപ്പ് ഉയരാന്‍ കാരണം. 1971നെ അപേക്ഷിച്ച് കഴിഞ്ഞ 15 വര്‍ഷമായി 67 ശതമാനം വേഗത്തിലാണ് ചൂട് കൂടുന്നത്. ലോകത്തിലെ മഞ്ഞുപാളികള്‍ ക്രമാതീതമായി കുറയുന്നതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം