റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി: സ്വര്‍ണക്കടത്തുകേസ് വിചാരണ ബംഗളുരുവിലേക്കു മാറ്റണമെന്ന ഇ.ഡിയുടെ ഹര്‍ജി നേരിടാന്‍ നിയമവിദഗ്ധരുമായി ഡല്‍ഹിയില്‍ അഡ്വക്കേറ്റ് ജനറലിന്റെ കൂടിക്കാഴ്ച. പ്രമുഖ അഭിഭാഷകന്‍ കപില്‍ സിബലാണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരാകുന്നത്. അദ്ദേഹവുമായാണ് അഡ്വക്കേറ്റ് ജനറലിന്റെ നേതൃത്വത്തിലുള്ള സംഘം ചര്‍ച്ചനടത്തിയത്. ഇ.ഡിയുടെ മറുപടി സത്യവാങ്മൂലത്തിനു മറുപടി നല്‍കേണ്ടതുണ്ട്. നവംബര്‍ മൂന്നിന് കേസ് സുപ്രീംകോടതി വീണ്ടും പരിഗണിയ്ക്കുന്നത്.സര്‍ക്കാരിനു അഭിമാനപ്രശ്നമെന്ന നിലയിലാണു മുതിര്‍ന്ന അഭിഭാഷകനെ രംഗത്തിറക്കിയത്. സംസ്ഥാനത്തു കേന്ദ്രഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങളെ കുറിച്ചു പരിശോധിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് വി.കെ. മോഹനന്‍ കമ്മിഷന്റെ കാലാവധി കഴിഞ്ഞ ജൂണില്‍ ആറു മാസത്തേക്കു നീട്ടി നല്‍കിയിരുന്നു. ഇതിനെ ഇ.ഡി. ചോദ്യംചെയ്തിട്ടുണ്ട്. ഇക്കാര്യം സുപ്രീംകോടതി അനുവദിച്ചാല്‍, സര്‍ക്കാരിനതു കനത്ത തിരിച്ചടിയാകും.

ബി.ജെ.പി. ഭരിക്കുന്ന കര്‍ണാടകയിലേക്കു വിചാരണ മാറ്റുന്നതു രാഷ്ട്രീയ പ്രേരിതമാണെന്നാണു സര്‍ക്കാരിന്റെയും പ്രതി എം. ശിവശങ്കറിന്റെയും ആക്ഷേപം. ഈ സാഹചര്യത്തില്‍ വിചാരണ മറ്റൊരു അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലേക്കു മാറ്റുന്നതില്‍ സുപ്രീംകോടതി കക്ഷികളുടെ നിലപാട് ആരായാന്‍ സാധ്യതയുണ്ട്.ഇ.ഡിയുടെ ഹര്‍ജി അനുവദിക്കുന്നതു ഏതുവിധേനയും തടയാനാണു സര്‍ക്കാര്‍ ശ്രമം. കേന്ദ്രക്കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയും രണ്ടുദിവസമായി ഡല്‍ഹിയിലുണ്ടായിരുന്നു.സ്വര്‍ണക്കടത്തു കേസിലെ വിചാരണ കേരളത്തില്‍നിന്നു മാറ്റാന്‍ സ്വപ്നയുടെ രഹസ്യ മൊഴി മതിയാകുമെന്നാണ കേരളത്തിന് ഇ.ഡിയുടെ മറുപടി സത്യവാങ്മൂലം. വിചാരണ മാറ്റുന്നതു സംസ്ഥാനത്തെ ജൂഡീഷ്യറിക്കു കളങ്കമല്ല .ആവശ്യം നീതിപൂര്‍വമായ വിചാരണ ഉറപ്പാക്കാനാണ്. വിചാരണ മാറ്റണമെന്ന ആവശ്യത്തിനു പിന്നില്‍ ബാഹ്യ സ്വാധീനമില്ല. കേസിലെ നടപടി ക്രമങ്ങള്‍ അട്ടിമറിയ്ക്കുന്നതിനു സംസ്ഥാനത്തിന്റെ അധികാരം ദുരുപയോഗം ചെയ്തു എന്നതു വ്യക്തമാണ്. സ്വപ്നയുടെ വെളിപ്പെടുത്തല്‍ കലാപ അന്തരീക്ഷം സൃഷ്ടിച്ചെന്നു സംസ്ഥാനം തന്നെ സമ്മതിക്കുന്നുണ്ടെന്നും ഇ.ഡി. സത്യവാങ്മൂലത്തില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *