ടെഹ്റാന്‍: ഇറാനില്‍ ഭരണകൂടത്തെ സ്തുതിക്കുന്ന ഗാനം ആലപിക്കാന്‍ വിസമ്മതിച്ച വിദ്യാര്‍ഥിനിയെ സുരക്ഷാ സേന മര്‍ദിച്ചു കൊലപ്പെടുത്തി. സ്തുതി ഗീതം പാടണമെന്ന നിര്‍ദേശം പാലിക്കാത്ത വിദ്യാര്‍ഥികളെ സുരക്ഷാ സേന തല്ലിച്ചയ്ക്കുകയായിരുന്നുവെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മര്‍ദനത്തില്‍ പരുക്കേറ്റ അസ്രാ പനാഹി (15) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. അര്‍ദബില്‍ പ്രവിശ്യയില്‍ ഈ മാസം 13 നായിരുന്നു സംഭവം. പ്രവിശ്യാ തലസ്ഥാനമായ അര്‍ദബില്‍ നഗരത്തിലെ ഷഹാദ് ഗേള്‍സ് സ്‌കൂളിലാണ് അക്രമം അരങ്ങേറിയതന്നെു അധ്യാപക സംഘടനകള്‍ ആരോപിച്ചു. എന്നാല്‍, ഇറാന്‍ സുരക്ഷാ സേനകള്‍ക്ക് അക്രമത്തില്‍ യാതൊരു പങ്കുമില്ലെന്ന് ഭരണകൂടം വ്യക്തമാക്കി. അതിനിടെ, അസ്രാ പനാഹിയുടെ അമ്മാവന്‍ എന്നവകാശപ്പെട്ട് വ്യക്തി ദേശീയ ചാനലില്‍ പ്രത്യക്ഷപ്പെട്ട് കുട്ടിയുടെ മരണം ഹൃദയസംബന്ധമായ അസുഖം മൂലമാണെന്നു വിശദീകരിച്ചു. ഷഹാദ് ഗേള്‍സ് സ്‌കൂളിലുണ്ടായ അക്രമത്തില്‍ ഏഴു വിദ്യാര്‍ഥികള്‍ക്കു പരുക്കേറ്റെന്നും 10 പേരെ അറസ്റ്റ് ചെയ്തുവെന്നും ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. ഇറാനില്‍ ഭരണകൂടത്തിന്റെ മര്‍ദക നയങ്ങള്‍ക്കെതിരേ രാജ്യവ്യാപക പ്രക്ഷോഭം കനക്കുകയാണ്. മഹ്സാ അമിനി (23) എന്ന കുര്‍ദിഷ് യുവതി പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനു പിന്നാലെ കഴിഞ്ഞ മാസമാണ് ഇറാനില്‍ ജനകീയപ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.മതനിയമമനുസരിച്ച് തലമറച്ചില്ലെന്ന കുറ്റത്തിന് മഹ്സയെ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതോടെ രാജ്യത്തുടനീളം പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു.
പരസ്യമായി മുടിമുറിച്ചും തട്ടം കത്തിച്ചും യുവജനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭം അടിച്ചമര്‍ത്താനുള്ള തത്രപ്പാടിലാണ് ഭരണകൂടം. നിരായുധരായ ജനക്കൂട്ടത്തെ വെടിയുതിര്‍ത്താണ് പലയിടത്തും സുരക്ഷാ സേന നേരിടുന്നത്.




