ആലപ്പുഴ: ലോക പേവിഷബാധ ദിനാചരണത്തോടനുബന്ധിച്ച് വണ്ടാനം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ ആലപ്പുഴ കടപ്പുറത്ത് ഫ്ലാഷ് മോബ്, സ്കിറ്റ്, ബീച്ച് റൺ എന്നിവ സംഘടിപ്പിച്ചു. ഗവൺമെൻറ് ടി.ഡി. മെഡിക്കൽ കോളേജും ജില്ലാ മെഡിക്കൽ ഓഫീസും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പേവിഷ ബാധയെക്കുറിച്ചും ഫലപ്രദമായ പ്രതിരോധ മാർഗങ്ങളെക്കുറിച്ചും പൊതുസമൂഹത്തിന് അവബോധം നൽകുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ബീച്ച് റൺ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ടി.കെ. സുമ ഫ്ലാഗ് ഓഫ് ചെയ്തു. കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.ടി.എസ്. സുധിരാജ്, ഡോ. വിശ്വകല, ഡോ.കാരൾ, ഡോ.രമ്യ, ഡോ. ഗായത്രി, ഡോ. ജിൻസി, ഡോ.അനുപമ, വിദ്യാർത്ഥി യൂണിയൻ പ്രതിനിധികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.




