റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എസ്.എ.ടി ആശുപത്രിയിൽ നവജാത ശിശുക്കളുടെ തീവ്രപരിചരണത്തിന് 32 കിടക്കകൾകൂടി

August 25, 2022 - 10:56 pm

തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തിലെ പുതിയ കിടക്കകളടങ്ങിയ യൂണിറ്റ് ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. 32 കിടക്കകളുള്ള പുതിയ യൂണിറ്റ് കൂടി പ്രവർത്തനക്ഷമമായതോടെ തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകളുടെ  ആകെ എണ്ണം 50 ആയി. അത്യാധുനിക സൗകര്യങ്ങളോടെയാണു പുതിയ യൂണിറ്റ് സ്ജ്ജമാക്കിയത്.

12 കിടക്കകളുള്ള ഡയാലിസിസ് യൂണിറ്റ് എസ്.എ.ടിയിൽ ഉടൻ യാഥാർഥ്യമാകുമെന്ന് മന്ത്രി പറഞ്ഞു. ആശുപത്രിയിൽ രണ്ടു ഡയാലിസിസ് ടെക്നീഷ്യൻ തസ്തിക പുതുതായി അനുവദിച്ചിട്ടുണ്ട്. 93.86 ലക്ഷം രൂപയുടെ പ്രവർത്തനങ്ങൾക്കാണ് ആശുപത്രിയിൽ ഭരണാനുമതി ആയിട്ടുള്ളത്. കഴിഞ്ഞ വർഷം എസ്.എ.ടിയിൽ ആരംഭിച്ച പീഡിയാട്രിക് കാർഡിയോളജി സർജറി വിഭാഗത്തിൽ 50 ൽ അധികം ശസ്ത്രക്രിയകൾ വിജയകരമായി നടത്തിയതായും മന്ത്രി പറഞ്ഞു
സംസ്ഥാനത്തെ എല്ലാ ആശുപത്രികളേയും മാതൃ-ശിശു സൗഹൃദമാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്നു മന്ത്രി പറഞ്ഞു. അത്യപൂർവ്വ ജനിതക രോഗമായ സ്പൈനൽ മസ്‌കുലർ അട്രോഫി ബാധിച്ച അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകും. ഇതനുസരിച്ച് ലഭിച്ച അപേക്ഷകരിൽ നിന്ന് 21 പേരെ തെരഞ്ഞെടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

70-ാം വാർഷിക നിറവിലുള്ള തിരുവനന്തപുരം മെഡിക്കൽ കോളജിലെ വിവിധ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ഇ-ഹെൽത്ത് ഓൺ ലൈൻ ലാബ് റിപ്പോർട്ടിങ്ങ്, നവീകരിച്ച പ്രവേശന കവാടം, അത്യാഹിത വിഭാഗത്തിലെ നിരീക്ഷണ ക്യാമറ സംവിധാനം എന്നിവയാണ് പുതുതായി യാഥാർഥ്യമായത്. ഇതോടെ മെഡിക്കൽ കോളജ് ലാബിലെ പരിശോധനാ ഫലം മൊബൈൽ ഫോണിൽ ലഭ്യമാകും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. തോമസ് മാത്യു, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. കലാകേശവൻ പി, എസ്.എ.ടി ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദു. എസ്, വാർഡ് കൗൺസിലർ ഡി.ആർ അനിൽ തുടങ്ങിയവർ സംസാരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *