റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേശവദാസപുരം കൊലക്കേസ് പ്രതി ആദം അലിയെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുക്കും

August 11, 2022 - 10:34 am

തിരുവനന്തപുരം: മനോരമ വധക്കേസിലെ പ്രതി ആദം അലിയെ സംഭവ സ്ഥലത്തുകൊണ്ടുപോയി പൊലീസ് തെളിവെടുത്തേക്കും. ആദം അലിയെ പത്തു ദിവസത്തെ പൊലീസ് കസ്റ്റഡയിൽ കോടതി വിട്ടിരുന്നു. ആദം അലി മാത്രമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഇതേവരെയുള്ള പൊലീസ് നിഗമനം. ഒപ്പമുണ്ടായിരുന്നവർക്ക് പങ്കുണ്ടോയെന്നതിനെ കുറിച്ചും വിശദമായ ചോദ്യം ചെയ്യൽ നടക്കും. മെഡിക്കൽ കോളേജ് എസ്എച്ച്ഒ ഹരിലാലിന്റെ നേതൃത്വത്തിലായിരിക്കും 11/08/22 വ്യാഴാഴ്ച തെളിവെടുപ്പ് നടത്തുക.

കേശവദാസപുരം മനോരമ വധക്കേസിലെ പ്രതിയെ പിടികൂടിയെങ്കിലും പൊലീസിന് മുന്നിലുള്ളത് രണ്ട് പ്രധാന പ്രശ്നങ്ങളാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മനോരമയുടെ കഴുത്തറുക്കാൻ ഉപയോഗിച്ച കത്തി കണ്ടെത്തുക എന്നതാണ്. കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ കൂടി കണ്ടെത്തിയാല്‍ കേസിലെ എല്ലാ പഴുതുകള്‍ അടയ്ക്കാന്‍ സാധിക്കുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍.

മനോരമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ആദം അലി ഒറ്റയ്ക്കാണ് മൃതദേഹം മനോരമയുടെ വീട്ടിൽ നിന്ന് തൊട്ടടുത്ത പുരയിടത്തിലേക്ക് കൊണ്ടുപോയതും ഇവിടുത്തെ കിണറിലേക്ക് തള്ളിയിട്ടതും. മനോരമയെ വധിച്ച ശേഷം മൃതദേഹം ചുമന്ന് കൊണ്ടുവന്ന ആദം അലി, പിന്നീടിത് അടുത്ത പുരയിടത്തിലേക്ക് ഇട്ടു. ഇവിടെ നിന്ന് കിണറ്റിൻകര വരെ മൃതദേഹം വലിച്ചുകൊണ്ടുപോയ ശേഷം, കാലിൽ കല്ല് ചേർത്ത് വെച്ച് കെട്ടി. പിന്നീടാണ് മനോരമയുടെ മൃതദേഹം കിണറ്റിലേക്ക് ഇട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് ലഭിച്ചിട്ടുള്ളത്. ആറാഴ്ച മുമ്പാണ് ഇരുപത്തിയൊന്നുകാരനായ പ്രതി, പശ്ചിമ ബംഗാളിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയത്. പണി നടക്കുന്നത് അടുത്ത വീട്ടിലാണെങ്കിലും വെള്ളം കുടിക്കാനായി ഇവർ പോയിരുന്നത് കൊല്ലപ്പെട്ട മനോരമയുടെ വീട്ടിലായിരുന്നു. ആ രീതിയിൽ നിരന്തരം കണ്ട് പരിചയമുള്ള ആളായതിനാൽ പ്രതിക്ക് പെട്ടന്ന് മനോരമയുടെ വീട്ടിനുള്ളിലേക്ക് കടക്കാൻ കഴിഞ്ഞു. ചെന്നൈ ആര്‍പിഎഫാണ് കൊലപാതകത്തിന് ശേഷം ട്രെയിൻ മാർഗം കേരളം വിട്ട പ്രതിയെ റെയിൽവെ സ്റ്റേഷനിൽ വെച്ച് പിടികൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *