ഉദ്ഘാടനം ചെയ്ത് അഞ്ചാംദിവസം യു.പിയിലെ എക്സ്പ്രസ് ഹൈവേ തകര്‍ന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത് അഞ്ചാംദിവസം ഉത്തര്‍പ്രദേശിലെ എക്സ്പ്രസ് ഹൈവേ തകര്‍ന്നു. ഈ മാസം 16-ന് ഉദ്ഘാടനം ചെയ്ത ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ്‌ ഹൈവേയാണ് കനത്ത മഴയെത്തുടര്‍ന്ന് തകര്‍ന്നത്. ഇതിനുപിന്നാലെ റോഡ് നിര്‍മാണത്തിലെ വീഴ്ചയ്ക്കെതിരേ ബി.ജെ.പി. എം.പി. വരുണ്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. അഞ്ചു ദിവസത്തെ മഴ താങ്ങാന്‍ എക്സ്പ്രസ്‌ ഹൈവേയ്ക്ക് കഴിയില്ലേയെന്ന് വരുണ്‍ ഗാന്ധി പരിഹസിച്ചു.

ചിത്രകൂടിലെ ഭാരത്കൂപ്പിനെയും ഇറ്റാവയിലെ കുദ്രേലിനെയും ബന്ധിപ്പിക്കുന്ന 296 കിലോമീറ്റര്‍ നാലുവരി അതിവേഗ പാത യു.പിയിലെ ഏഴു ജില്ലകളിലൂടെയാണു കടന്നുപോകുന്നത്. 15,000 കോടി മുടക്കി നിര്‍മിച്ച എക്സ്പ്രസ് വേയ്ക്ക് അഞ്ചു ദിവസത്തെ മഴ പോലും താങ്ങാന്‍ കഴിയുന്നില്ലെങ്കില്‍, അതിന്റെ ഗുണനിലവാരത്തെ കുറിച്ച് ഗൗരവമായ ചോദ്യങ്ങള്‍ ഉയരുമെന്നു വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു. പദ്ധതിയുടെ മേധാവിയെയും ബന്ധപ്പെട്ട എന്‍ജിനീയറെയും ഉത്തരവാദിത്തപ്പെട്ട കമ്പനികളെയും വിളിച്ചുവരുത്തി അവര്‍ക്കെതിരേ നടപടിയെടുക്കണമെന്നും വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടു. സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും സംസ്ഥാന സര്‍ക്കാരിനെതിരേ രംഗത്തെത്തി. ബി.ജെ.പിയുടെ പാതിമനസോടെയുള്ള വികസനത്തിന്റെ ഗുണനിലവാരത്തിന്റെ ഉദാഹരണമാണിതെന്ന് അഖിലേഷ് യാദവ് പരിഹസിച്ചു.

”ബുന്ദേല്‍ഖണ്ഡ് എക്സ്പ്രസ് വേ വലിയ ആളുകളാണ് ഉദ്ഘാടനം ചെയ്തത്. ഒരാഴ്ചയ്ക്കുള്ളില്‍ അഴിമതിയുടെ വലിയ കുഴികളാണു അതില്‍ നിന്ന് പുറത്തുവന്നത്”- അഖിലേഷ് യാദവ് ട്വീറ്റ് ചെയ്തു.ജലൗന്‍ ജില്ലയിലെ ഛിരിയ സലേംപൂരിലാണു ഹൈവേ തകര്‍ന്നത്. കനത്ത മഴയെത്തുടര്‍ന്ന് തകര്‍ന്ന റോഡില്‍ വന്‍കുഴികള്‍ രൂപപ്പെട്ടു. എന്നാല്‍, അറ്റകുറ്റപ്പണി നടത്തി റോഡ് ഗതാഗതത്തിനായി തുറന്നുകൊടുത്തതായി പൊതുമരാമത്ത് അധികൃതര്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം