സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സന്ദീപ് നായരെ ചോദ്യം ചെയ്യൽ തുടരുന്നു

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ കോഴ കേസിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. സിബിഐ കൊച്ചി ഓഫീസിലായിരുന്നു ഏഴ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ. സ്വപ്ന സുരേഷ്, സരിത്ത് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സന്ദീപ് നായരെ ചോദ്യം ചെയ്തത്. നിർമാണ കരാർ ലഭിക്കാൻ യൂണിടാക്ക് കമ്പനി ഉടമ സന്തോഷ് ഈപ്പൻ, സന്ദീപ് നായർക്ക് കൈക്കൂലി നൽകിയെന്നാണ് മൊഴി. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം ശിവശങ്കറും സന്ദീപ് നായരും ചേർന്നാണ് യൂണിടാക്കിനെ എത്തിച്ചതെന്നും സ്വപ്ന സുരേഷ് മൊഴി നൽകിയിരുന്നു.

മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരായ പരാമർശങ്ങളുടെ പേരിൽ സ്വപ്ന സുരേഷിനെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കാനാകില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സ്വപ്ന നടത്തിയ പ്രസ്താവനകൾ നിരുത്തരവാദപരവും കുറ്റകരവുമാണ്. വിഷയത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണ്. സ്വപ്‍നയുടെ ആരോപണങ്ങൾ പ്രതിപക്ഷം രാഷ്ട്രീയായുധമായി ഉപയോഗിച്ചു. തുടർന്നുണ്ടായ ക്രമസമാധാന പ്രശ്നങ്ങളിൽ 745 കേസുകളെടുക്കേണ്ടിവന്നെന്നും സർക്കാ‍ർ നൽകിയ സത്യവാങ്മൂലത്തിലുണ്ട്.ഗൂഡാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്‍ന നൽകിയ ഹർജി ഹൈക്കോടതി ജൂലൈ 20 ന് പരിഗണിക്കും.

സ്വർണ്ണകടത്ത് കേസിലെ സിബിഐ അന്വേഷണത്തെക്കുറിച്ചുള്ള ലോക്സഭയിലെ ചോദ്യത്തിന് വ്യക്‌തമായ മറുപടി നൽകാതെ സർക്കാർ. എൻഐഎയും, ഇഡിയും നടത്തുന്ന അന്വേഷണം തുടരുകയാണെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഭീകര പ്രവർത്തനത്തിനുള്ള സാമ്പത്തിക സഹായത്തിനായിരിക്കാം സ്വർണ്ണക്കടത്തെന്നാണ് പ്രാഥമിക അനുമാനം. എംപിമാരായ ആന്റോ ആന്റണി, അടൂർ പ്രകാശ് എന്നിവരുടെ ചോദ്യത്തിനാണ് മറുപടി.

കേരളത്തിലെ സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ അന്വേഷണം തുടരുകയാണെന്ന് കേന്ദ്രം അറിയിച്ചു. പുതിയ വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം തുടരുന്നതെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ രേഖാമൂലം അറിയിച്ചു. സ്വപ്ന സുരേഷിന്റെ മൊഴിയെക്കുറിച്ചുള്ള വാർത്ത മാധ്യമങ്ങൾ വഴി അറിഞ്ഞെന്നും ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ കിട്ടിയിട്ടില്ലെന്നും കേന്ദ്രം വ്യക്തമാക്കി. സ്വപ്ന സുരേഷിന്റെ മൊഴിയിലാണോ അന്വേഷണം എന്ന് കേന്ദ്രം വിശദീകരിക്കുന്നില്ല. കേസിലെ പ്രതിയായ എം ശിവശങ്കറിനെ സർവ്വീസിൽ തിരിച്ചെടുക്കാൻ അന്വേഷണ ഏജൻസികൾ അനുമതി നല്കിയിട്ടില്ലെന്നും അടുർ പ്രകാശ് എൻകെ പ്രേമചന്ദ്രൻ എന്നിവരുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →