പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ ഷെയർ ചെയ്ത സംഭവം : അബദ്ധത്തിൽ സംഭവിച്ചതെന്ന് എഎസ്ഐയുടെ വിശദീകരണം

കോട്ടയം: പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ ഷെയർ ചെയ്ത സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി. കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിലെ, എഎസ്ഐ റംല ഇസ്മയിലിനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ എഎസ്ഐക്കെതിരെ നടപടി എടുക്കാൻ കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ശുപാർശ ചെയ്തിരുന്നു. ഈ ശുപാർശ പരിഗണിച്ചാണ് മധ്യമേഖലാ ഡിഐജി, റംല ഇസ്മയിലിനെതിരെ നടപടി എടുത്തത്. കാഞ്ഞിരപ്പള്ളി ഡിവൈഎസ്‍പിയാണ് ഇവർക്കെതിരെ അന്വേഷണം നടത്തിയത്. അബദ്ധത്തിൽ സംഭവിച്ച തെന്നായിരുന്നു റംല ഇസ്മയിലിന്റെ വിശദീകരണം.

പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ.റൗഫ് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റാണ് റംല പങ്കുവച്ചത്. 2022 ജൂലൈ അഞ്ചിനാണ് സംഭവം. ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ ഉണ്ടായ വിദ്വേഷ മുദ്രാവാക്യ വിവാദത്തിൽ അറസ്റ്റിലായ പ്രവർത്തകർ ജാമ്യത്തിലിറങ്ങിയതുമായി ബന്ധപ്പെട്ടതായിരുന്നു പോസ്റ്റ്. പൊലീസിനെയും കോടതിയെയും വിമർശിച്ച് കൊണ്ടുള്ള ഈ പോസ്റ്റാണ് വനിതാ എഎസ്ഐ ഷെയർ ചെയ്തത്. എഎസ്ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു

Share
അഭിപ്രായം എഴുതാം