ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയും റെസ്റ്റ് ഓഫ് ദ് വേള്‍ഡ് താരങ്ങളും തമ്മില്‍ ക്രിക്കറ്റ് മത്സരത്തിനു കളമൊരുങ്ങുന്നു.മത്സരം സംഘടിപ്പിക്കുന്നത് സംബന്ധിച്ച് ബി.സി.സി.ഐയുടെ അഭിപ്രായം ആരാഞ്ഞ് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര സാംസ്കാരിക വകുപ്പാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്. ഓഗസ്റ്റ് 22 നു മത്സരം നടത്താന്‍ സാധിക്കുമോയെന്നാണ് കേന്ദ്രം ആരാഞ്ഞതെന്നാണു വിവരം.ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ഇന്ത്യ ഇലവനും ലോക ഇലവനുമായുള്ള മത്സരത്തിന് ഇതര രാജ്യങ്ങളില്‍ നിന്നുള്ള 13-14 ക്രിക്കറ്റ് താരങ്ങളെ അണിനിരത്താന്‍ സാധിക്കുമോയെന്നു പരിശോധിച്ചു വരികയാണെന്നു ബി.സി.സി.ഐ. വൃത്തങ്ങള്‍ അറിയിച്ചു.ഓഗസ്റ്റ് 20 നാണ് ഇന്ത്യയുടെ സിംബാബ്വേ പര്യടനത്തിലെ അവസാന മത്സരം. 22 ന് മുമ്പ് ഇന്ത്യന്‍ ടീം നാട്ടില്‍ മടങ്ങിയെത്തുകയും ചെയ്യും. അതിനാല്‍ ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യം ഉറപ്പാക്കാന്‍ സാധിക്കും. എന്നാല്‍, ഇംഗ്ലണ്ടില്‍ ആഭ്യന്തര ക്രിക്കറ്റും വെസ്റ്റിന്‍ഡീസില്‍ കരീബിയന്‍ പ്രീമിയര്‍ ലീഗും അരങ്ങേറുന്നതിനാല്‍ രാജ്യാന്തരതാരങ്ങളെ ലഭിക്കുമോയെന്നതില്‍ വിവിധ ക്രിക്കറ്റ് ബോര്‍ഡുകളുമായി ആശയവിനിമയം നടത്തിയശേഷമേ ഉറപ്പു പറയാന്‍ സാധിക്കുകയുള്ളൂവെന്നാണു ബി.സി.സി.ഐ. നിലപാട്.
അമൃത് മഹോത്സവം: ഇന്ത്യ-ലോക ഇലവന് മത്സരത്തിന് കേന്ദ്രം
