തിരുവനന്തപുരം: ഭരണഘടനക്കെതിരെ പ്രസംഗിച്ച മന്ത്രി സജി ചെറിയാൻ രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാജി വെച്ചില്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കണം. അതിന് സർക്കാർ തയ്യാറായില്ലെങ്കിൽ മന്ത്രിക്കെതിരെ പ്രതിപക്ഷം നിയമനടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
സത്യപ്രതിജ്ഞാ ലംഘനമാണ് മന്ത്രി നടത്തിയത്. സത്യപ്രതിജ്ഞയോട് കൂറു കാണിക്കേണ്ട മന്ത്രി അത് ലംഘിച്ചു. അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണ് മന്ത്രി പറഞ്ഞത്. ഭരണഘടനാ ശില്പികളെ അപമാനിക്കുന്നതാണ് മന്ത്രി നടത്തിയ പ്രസംഗം, ജനാധിപത്യം, മതേതരത്വം എന്നീ വാക്കുകളെ പോലും മന്ത്രി അപമാനിച്ചു. അത്രയും മോശമായാണ് മന്ത്രി പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
മന്ത്രി ഭരണഘടന സംവിധാനങ്ങളെ മുഴുവൻ അപകീർത്തിപ്പെടുത്തി. മന്ത്രി സജി ചെറിയാന് എവിടെ നിന്നാണ് ഈ വിവരങ്ങൾ കിട്ടിയത്. അദ്ദേഹം ഭരണഘടന വായിച്ചിട്ടുണ്ടോ അതിന്റെ പവിത്രത എന്താണെന്ന് അറിയുമോ എന്നും പ്രതിപക്ഷ നേതാവ് സതീശൻ ചോദിച്ചു.




