റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

രൂപയ്ക്ക് റെക്കോഡ് ഇടിവ്

June 30, 2022 - 11:52 am

മുംബൈ: ഡോളറിനെതിരേ രൂപയ്ക്ക് വീണ്ടും റെക്കോഡ് ഇടിവ്. രൂപയുടെ മൂല്യം 18 പൈസ കുറഞ്ഞ് 79.03 ല്‍ വ്യാപാരം അവസാനിച്ചു. ഇതാദ്യമായാണ് ഡോളറിന്റെ മൂല്യം 79 രൂപയ്ക്കു മുകളിലെത്തുന്നത്. ഓഹരി-നാണ്യ വിപണികളില്‍ നിന്നുള്ള ഡോളറിന്റെ പിന്‍വലിക്കലാണ് രൂപയുടെ മൂല്യം ഇത്രയധികം ഇടിയാന്‍ കാരണമാകുന്നത്.ഓഹരി വിപണിയില്‍നിന്ന് ഇന്നലെ മാത്രം 1244.5 കോടിയുടെ ഓഹരികള്‍ വിദേശ സ്ഥാപന നിക്ഷേപകര്‍ വിറ്റു. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിന്റെ പലിശ ഉയര്‍ത്തല്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ഡോളര്‍ വീണ്ടും കരുത്താര്‍ജിക്കുകയാണ്.

അസംസ്‌കൃത എണ്ണ വില ഉയരുന്നതും രൂപയ്ക്കു തിരിച്ചടിയായി. 29/06/22 ഒരു ഘട്ടത്തില്‍ ഡോളറിനെതിരേ രൂപയുടെ മൂല്യം 79.05 വരെയെത്തിയിരുന്നു. ചൊവ്വാഴ്ച 48 പൈസ ഇടിഞ്ഞ് 78.85 രൂപയിലെത്തിയിരുന്നു. ഈ മാസം ഇതുവരെ 1.97 ശതമാനമാണ് രൂപ നേരിട്ട ഇടിവ്. 2022 ആരംഭിച്ചതു മുതല്‍ 6.39 ശതമാനം മൂല്യമിടിഞ്ഞു.അമേരിക്ക പലിശ നിരക്ക് ഉയര്‍ത്തിയതോടെ ഡോളറിന്റെ ഡിമാന്‍ഡ് വലിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം വരും ദിവസങ്ങളിലും ഇടിയാനാണു സാധ്യത.

രൂപയുടെ മൂല്യത്തകര്‍ച്ച ഓഹരി വിപണിയിലും പ്രതിഫലിച്ചു. കഴിഞ്ഞ നാലു സെഷനുകളിലെ പോസിറ്റീവ് തരംഗം നെഗറ്റീവിലെത്തി. സെന്‍സെക്സ് 150.48 പോയ്ന്റ് ഇടഞ്ഞ് 53026.97 പോയ്ന്റിലും നിഫ്റ്റ് 51.10 പോയ്ന്റ് ഇടിഞ്ഞ് 15799.10 പോയ്ന്റിലും ക്ലോസ് ചെയ്തു. ഒരു ഘട്ടത്തില്‍ നേട്ടത്തിലെത്തിയ സൂചികകളാണ് വ്യാപാരത്തിന്റെ അവസാന മണിക്കൂറുകളില്‍ ഇടിഞ്ഞത്. അതിനിടെ ബ്രെന്റ് ക്രൂഡിന്റെ വില 0.34 ശതമാനം ഉയര്‍ന്ന് ബാരലിന് 118.38 ഡോളറിലെത്തി.1783 ഓഹരികളുടെ വില ഇടിഞ്ഞു. 1519 ഓഹരികള്‍ നേട്ടമുണ്ടാക്കി. 148 ഓഹരികളുടെ വില മാറ്റമില്ലാതെ തുടര്‍ന്നു.

ഏഷ്യന്‍ പെയിന്റ്സ്, ആക്സിസ് ബാങ്ക്, ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, ഡോ റെഡ്ഡീസ്, എച്ച്.സി.എല്‍. ടെക്നോളജീസ്, എച്ച്.ഡി.എഫ്.സി. ബാങ്ക് എന്നിവയുടെ ഓഹരികള്‍ക്കു നഷ്ടം നേരിട്ടു. ഭാരതി എയര്‍ടെല്‍, ഐ.ടി.സി, മാരുതി, നെസ്ലെ, എന്‍.ടി.പി.സി, പവര്‍ ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *