ജമ്മുകാശ്മീർ: ജമ്മുകാശ്മീരിൽ ആക്രമണത്തിന് പദ്ധതിയിട്ട ഭീകരനെ സൈന്യം പിടികൂടി. കൊട്ടി ദോഡ സ്വദേശി ഫരീദ് അഹമ്മദിനെയാണ് സൈന്യം അറസ്റ്റ് ചെയ്തത്. കാശ്മീരിൽ ദോഡ മേഖലയിൽ നിന്നുമാണ് ഇയാളെ സുരക്ഷാ സേന പിടികൂടുന്നത്. അഹമ്മദിന്റെ പക്കൽ നിന്നും ചൈനീസ് പിസ്റ്റളുകൾ, ലഘുലേഖകൾ, 15 ലൈവ് കാട്രിജുകള്‍, ഒരു മൊബൈൽ ഫോൺ എന്നിവ സുരക്ഷാ സേന പിടിച്ചെടുത്തു.
അമർനാഥ് യാത്രക്ക് മുൻപായി സൈന്യം പ്രദേശത്തെ സുരക്ഷ വർദ്ധിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദോഡ ടൗണിന്റെ ഉൾപ്രദേശങ്ങളിലും പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. ഇവിടെവച്ചാണ് അഹമ്മദ് ഫരീദിനെ പോലീസ് പിടികൂടുന്നത്. ദോഡയിലെ പോലീസുകാരെ ആക്രമിക്കാൻ അഹമ്മദിനെ ചുമതലപ്പെടുത്തിയിരുന്നതായാണ് വിവരം.
അഹമ്മദിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. അതിർത്തിക്കപ്പുറമുള്ള ഭീകര കമാൻഡർമാരിൽ നിന്ന് ഫോൺകോളുകൾ സ്വീകരിക്കാനാണ് മൊബൈൽ ഉപയോഗിച്ചിരുന്നത്. കാശ്മീർ താഴ്‌വരയിലെ തീവ്രവാദ സംഘടനകൾക്ക് വേണ്ടി അഹമ്മദ് പ്രവർത്തിച്ചിരുന്നതായി കണ്ടെത്തി. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.




