രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മധ്യപ്രദേശ് കന്നിക്കിരീടത്തിലേക്ക്

ബംഗളുരു: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മധ്യപ്രദേശ് കന്നിക്കിരീടത്തിലേക്ക്. മുംബൈക്കെതിരേ നടക്കുന്ന ഫൈനലില്‍ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയതോടെയാണ് മധ്യപ്രദേശ് കിരീടം ഉറപ്പാക്കിയത്.നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ മുംബൈ രണ്ടാം ഇന്നിങ്സില്‍ രണ്ടിന് 113 റണ്ണെന്ന നിലയിലാണ്. 49 റണ്‍ കൂടി നേടിയാലെ അവര്‍ മധ്യപ്രദേശിന്റെ ഒന്നാം ഇന്നിങ്സ് സ്‌കോറിനൊപ്പമെത്തി. മധ്യപ്രദേശിന്റെ ഒന്നാം ഇന്നിങ്സ് 536 റണ്ണിന് അവസാനിച്ചിരുന്നു. മത്സരം ഒരു ദിവസം മാത്രമാണ് ശേഷിക്കുന്നത്.

മുംബൈയെ സംബന്ധിച്ച് ഇനി കിരീടം നേടുക ഏറെക്കുറെ അപ്രാപ്യമാണ്. അടിച്ചു തകര്‍ത്ത് ബാറ്റ് ചെയ്ത ശേഷം മധ്യപ്രദേശിനെ ലക്ഷ്യത്തിലെത്തും മുമ്പ് ഓള്‍ഔട്ടാക്കി ജയിക്കുകയെന്ന അപ്രാപ്യമായ വഴി മാത്രമാണ് 41 വട്ടം രഞ്ജി ചാമ്പ്യന്‍മാരായ മുംബൈക്കു മുന്നിലുള്ളത്. അര്‍മാന്‍ ജാഫര്‍ (30), സുവേദ് പാര്‍ക്കര്‍ (ഒന്‍പത്) എന്നിവരാണു കളി നിര്‍ത്തുമ്പോള്‍ ക്രീസില്‍.നായകനും ഓപ്പണറുമായ പൃഥ്വി ഷാ (52 പന്തില്‍ രണ്ട് സിക്സറും മൂന്ന് ഫോറുമടക്കം 44), ഹാര്‍ദിക് താമോറെ (32 പന്തില്‍ ഒരു സിക്സറും രണ്ട് ഫോറുമടക്കം 25) എന്നിവരാണു പുറത്തായത്. ഇരുവരും ചേര്‍ന്ന് ഓപ്പണിങ് വിക്കറ്റില്‍ 63 റണ്‍ കൂട്ടിച്ചേര്‍ത്തു. ഷായെ ഗൗരവ് യാദവും താമോറെയെ കുമാര്‍ കാര്‍ത്തികേയയും പുറത്താക്കി.162 റണ്ണിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയാണു മധ്യപ്രദേശിന്റെ ഒന്നാം ഇന്നിങ്സ് അവസാനിച്ചത്. രജത് പാടീദാര്‍ (219 പന്തില്‍ 20 ഫോറുകളടക്കം 122) അവര്‍ക്കു വേണ്ടി സെഞ്ചുറിയടിക്കുന്ന മൂന്നാമനായി. ഓപ്പണര്‍ യഷ് ദുബെയാണ് (133) ടോപ് സ്‌കോറര്‍. ശുഭം ശര്‍മയും (116) സെഞ്ചുറിയടിച്ചു. മൂന്നിന് 368 റണ്ണെന്ന നിലയിലാണു മധ്യപ്രദേശ് രാവിലെ കളി തുടര്‍ന്നത്.നായകന്‍ ആദിത്യ ശ്രീവാസ്തവയാണ് (69 പന്തില്‍ 25) ഇന്നലെ ആദ്യം മടങ്ങിയത്. മോഹിത് അവസ്തിയുടെ പന്തില്‍ സര്‍ഫ്രാസ് ഖാന്‍ പിടികൂടിയായിരുന്നു നായകന്റെ മടക്കം. അക്ഷത് രഘുവംശി (ഒന്‍പത്), പാര്‍ഥ് സഹാനി (11) എന്നിവരും പിടിച്ചു നില്‍ക്കാനായില്ല. പാടീദാറും സാരാംശ് ജെയ്നും (97 പന്തില്‍ 57) പാടീദാറും ചേര്‍ന്നതോടെ മുംബൈയുടെ പ്രതീക്ഷകള്‍ അസ്മതിച്ചു. മുംബൈക്കു വേണ്ടി ഷാംസ് മുലാനി അഞ്ച് വിക്കറ്റും തുഷാര്‍ ദേശ്പാണ്ഡെ മൂന്ന് വിക്കറ്റും മോഹിത് അവസ്തി രണ്ട് വിക്കറ്റുമെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →