ടീസ്ത, ശ്രീകുമാര്‍, ഭട്ട് അറസ്റ്റില്‍

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിലെ ഇരകളുടെ ക്ഷേമത്തിനായുള്ള സന്നദ്ധ സംഘടനയ്ക്കു നേതൃത്വം നല്‍കുന്ന സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദ് ഗുജറാത്ത് പോലീസിന്റെ കസ്റ്റഡിയില്‍. സമാനകേസില്‍ ഗുജറാത്ത് മുന്‍ ഡി.ജി.പിയും മലയാളിയുമായ ആര്‍.ബി. ശ്രീകുമാറും ഐ.പി.എസ്. ഉദ്യോഗസ്ഥനായ സഞ്ജീവ് ഭട്ടും അറസ്റ്റില്‍. ഗുജറാത്ത് പോലീസിന്റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് മൂവരെയും കസ്റ്റഡിയിലെടുത്തത്.

കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ വ്യാജരേഖകളടക്കം ചമച്ച് കോടതികളെയും അന്വേഷണ കമ്മിഷനുകളെയും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്ന കുറ്റം ചുമത്തി രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. സെതല്‍വാദിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ സംഘടനയുമായി ബന്ധപ്പെട്ട വിദേശഫണ്ട് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റെന്നും അഹമ്മദാബാദ് ക്രൈംബ്രാഞ്ചാണ് നീക്കത്തിനു പിന്നിലെന്നും റിപ്പോര്‍ട്ടുണ്ട്.

2002-ല്‍ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം 64 പേര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സ്വീകരിച്ച ഗുജറാത്ത്‌ ഹൈക്കോടതി വിധിക്കെതിരേ സമര്‍പ്പിച്ച ഹര്‍ജി പരിഗണനാര്‍ഹമല്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി നിരാകരിച്ചതിന് പിന്നാലെയാണ് ഗുജറാത്ത് പോലീസിന്റെ നീക്കം. കലാപത്തില്‍ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എം.പി. ഇഹ്സാന്‍ ജാഫ്രയുടെ ഭാര്യ സാക്കിയ ജാഫ്രിക്കൊപ്പം ടീസ്ത ഉള്‍പ്പെടെയുള്ളവരായിരുന്നു ഹര്‍ജിക്കാര്‍.

Share
അഭിപ്രായം എഴുതാം