നടി ആക്രമിച്ച കേസിൽ
ജസ്റ്റിസ് കൗസർ പിന്മാറി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്ന് നടിയുടെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറി. 14/06/22 ചൊവ്വാഴ്ച കേസ് പരിഗണനയ്ക്ക് വന്നതോടെ ജഡ്ജ് പിന്മാറുകയാണെന്ന് അറിയിക്കുകയായിരുന്നു. കോടതിയുടെ കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ സൂക്ഷിച്ച മെമ്മറികാർഡ് ഹാഷ് വാല്യൂ രണ്ടുവട്ടം മാറിയെന്നും, ഇതിൽ വിചാരണ കോടതി തുടർ നടപടി സ്വീകരിച്ചില്ലെന്നുമാണ് ക്രൈംബ്രാഞ്ച് ഹർജി. ജഡ്ജിക്കെതിരെയും ഹർജിയിൽ ആരോപണമുണ്ട്.

നേരത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ആയിരുന്ന കൗസർ എടപ്പഗത്തിന്റെ ഓഫീസിൽ നിന്നാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്നതെന്ന സംശയം അതിജീവിത പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിചാരണകോടതി ജഡ്ജിക്കെതിരായ ഹർജിയിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറിയത്. നേരത്തെ അതിജീവിത നൽകിയ ഹർജിയിൽ നിന്നും ജസ്റ്റിസ് കൗസർ എടുപ്പഗത്ത് പിന്മാറിയിരുന്നു. തുടരന്വേഷണം സർക്കാർ തന്നെ ഇടപെട്ട് അട്ടിമറിക്കുന്നു. വിചാരണ കോടതിക്കെതിരെ പരിശോധന വേണം, സാക്ഷികളെ സ്വാധീനിച്ച ദിലീപിന്റ അഭിഭാഷകരെ ചോദ്യം ചെയ്യണം, ദൃശ്യങ്ങൾ ചോർന്നത് സംബന്ധിച്ച് വ്യക്തത വരുത്തണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് ഹർജി പരിഗണിക്കുന്നതിലെ ആശങ്ക അതിജീവിത തന്നെ രജിസ്ട്രിയെ അറിയിച്ചിരുന്നു. എന്നാൽ ഇത്തരം ഹർജികൾ പരിഗണിക്കേണ്ടത് ജസ്റ്റിസ് കൗസർ തന്നെയായതിനാൽ രജിസ്ട്രി അദ്ദേഹത്തിന്റെ ബെഞ്ചിന്റെ പരിഗണനയ്ക്കായി മാറ്റുകയും ചെയ്തു.
പിന്നീട് ഹർജി പരിഗണിച്ച ഉടനെ ബെഞ്ച് മാറ്റണം എന്ന ആവശ്യം അതിജീവിതയുടെ അഭിഭാഷക ഉന്നയിച്ചു. തൊട്ടുപിന്നാലെയാണ് പിന്മാറുന്നതായി ജസ്റ്റിസ് കൗസർ എടപ്പഗത്ത് അറിയിച്ചത്. നേരത്തെ കേസന്വേഷിക്കുന്ന പൊലീസ് സംഘം ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഓഫീസിലെ ജീവനക്കാരെ ചോദ്യംചെയ്യാൻ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹർജി കേൾക്കരുതെന്ന ആവശ്യം ഉന്നയിച്ചത്. ഹൈക്കോടതിയിലെ മറ്റൊരു ബഞ്ചാണ് ഹർജി ഇപ്പോൾ പരിഗണിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →