വിമാനത്തിൽ പ്രതിഷേധം നടത്തിയ മൂന്നാമൻ ഒളിവിൽ എന്ന് പോലീസ്

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച മൂന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് എന്നാണ് പോലീസ് പറയുന്നത്. രണ്ടുപേർ പ്രത്യക്ഷ പ്രതിഷേധം നടത്തിയപ്പോൾ മൂന്നാമൻ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. കണ്ണൂർ മട്ടന്നൂർ സ്വദേശികളായ ഫർസീൻ മജീദ്, നവീൻ കുമാർ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അതേസമയം മൂന്നാമത്തെയാൾ ഒളിവിലാണെന്നാണ് പോലീസ് നൽകുന്ന വിവരം. ഇവർക്കെതിരെ വധശ്രമം, ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തൽ, എയർക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയത്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിലിന്റെ മൊഴിയുടെയും, ഇൻഡിഗോ ഗ്രൗണ്ട് മാനേജറുടെ കത്തിന്റെയും അടിസ്ഥാനത്തിലാണ് കേസെടുത്തത്. സംഭവത്തിലെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രവർത്തകർ മുദ്രാവാക്യം വിളിക്കുകയും ഇവരെ തള്ളുന്നതും ആണ് വീഡിയോയിൽ ഉള്ളത്.

കണ്ണൂർ മട്ടന്നൂർ സ്വദേശിയായ സുനിത് കുമാർ ആണ് വിമാനത്തിലുണ്ടായിരുന്ന മൂന്നാമൻ. എന്നാൽ വിമാനത്താവളത്തിൽനിന്ന് സുനിത് അതിവേഗം പുറത്തിറങ്ങി എന്നാണ് പോലീസിന്റെ കണ്ടെത്തി. ഇയാളെ തിരിച്ചറിയാൻ പോലീസിന് ആദ്യം കഴിഞ്ഞിരുന്നില്ല. തിരുവനന്തപുരം നഗരത്തിൽ തന്നെ ഒളിവിൽ കഴിയുന്നതായാണ് പോലീസിന്റെ നിഗമനം. ഇയാൾക്കായി നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ പോലീസ് തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ ഇൻഡിഗോ വിമാന കമ്പനിയും ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം