ഇടുക്കി : വന്യജീവികേന്ദ്രത്തിന്റെ ഒരു കിലോമീറ്റർ പരിധിയിൽ വരെ ഉള്ള ജനവാസമേഖലകളും കൃഷിയിടങ്ങളും റിസർവ് ഫോറസ്റ്റായി മാറ്റുന്ന വിധം ഉണ്ടായിരിക്കുന്ന വിധിയിൽ പ്രതിഷേധിച്ചുകൊണ്ട് ഇടതുപക്ഷമുന്നണി ഇടുക്കി ജില്ലയിൽ ആഹ്വാനം ചെയ്ത ഹർത്താലിൽ പലയിടത്തും കർഷകർ വഴി തടഞ്ഞു. ജില്ല രാവിലെത്തന്നെ നിശ്ചലമായി മാറിയിരുന്നു.


ചിന്നക്കനാലിൽ സിംഗുകണ്ടം, ചെമ്പകത്തൊഴു എന്നിവിടങ്ങളിൽ നാഷണൽ ഹൈവേ ബൈപ്പാസ് റോഡ് കർഷകർ ഉപരോധിച്ചു.ആനപ്പാർക്കും ആനത്താരയും കൊണ്ടുവരാനായി വനംവകുപ്പ് കൃഷിക്കാരേയും ആദിവാസികളേയും അവരുടെ ഭൂമിയിൽ നിന്ന് ഒഴിപ്പിക്കാൻ ശ്രമിക്കുകയും പട്ടയ നടപടികൾ തടസപ്പെടുത്തുകയും ചെയ്തതിന്റെ പേരിൽ സംഘർഷവും സമരവും നിലനിൽക്കുന്ന പ്രദേശമാണ് ചിന്നക്കനാൽ.
കോടതിവിധി വന്നതോടെ മതികെട്ടാൻ ദേശീയ ഉദ്യാനത്തിന്റെ ഒരു കിലോമീറ്റർ പരിധിയിൽ വരുന്ന ഈ പ്രദേശത്തെ കൃഷിക്കാരും താമസക്കാരും ആദിവാസികളും കടുത്ത പ്രതിഷേധത്തിലാണ്.
വനഭൂമി ഇല്ലായിരുന്നിട്ടും കർഷകരേയും ആദിവാസികളേയും ഉപദ്രവിക്കുന്ന വനംവകുപ്പ് കോടതിവിധിയുടെ പശ്ചാത്തലത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്ക നാട്ടുകാർക്ക് ഉണ്ട്.



