ഹൈദരാബാദ്: ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത 2 പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ കേസില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ അഞ്ച് പ്രതികളും കസ്റ്റഡിയിലായി. ഇവരെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നു ആവശ്യപ്പെട്ട് വ്യാപക പ്രതിഷേധം തെലങ്കാനയില്‍ തുടരുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറില്‍ ക്രൂരമായി പീഡിപ്പിച്ച സംഭവം ഏറെ ചര്‍ച്ചയായിരിക്കുകയാണ്. രാഷ്ട്രീയ രംഗത്ത് ഉന്നത സ്വാധീനമുള്ളവരുടെ മക്കളാണ് കേസില്‍ കസ്റ്റഡിയിലെടുക്കപ്പെട്ട അഞ്ച് പേരും.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞത്. അഞ്ച് പേരില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്ത പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ്. മറ്റ് രണ്ട് പേര്‍ 18 വയസ്സ് പൂര്‍ത്തിയായ പ്ലസ് ടു വിദ്യാര്‍ഥികളും.ഹൈദരാബാദിലെ പബ്ബില്‍ ശനിയാഴ്ച സുഹൃത്തിനൊപ്പം പാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ നിന്ന പെണ്‍കുട്ടിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് പ്രതികള്‍ ബെന്‍സ് കാറില്‍ കയറ്റിയത്. തുടര്‍ന്ന് ആളൊഴിഞ്ഞ ജൂബിലി ഹില്‍സ്സില്‍ കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ടിആര്‍എസ് എംഎല്‍യുടെ മകന്‍, ആഭ്യന്തര മന്ത്രി മൊഹമ്മൂദ് അലിയുടെ കൊച്ചുമകന്‍, ന്യൂനപക്ഷ കമ്മീഷന്‍ ബോര്‍ഡംഗത്തിന്റെ മകന്‍ എന്നിവര്‍ക്ക് കേസില്‍ പങ്കുണ്ടെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്



