രാജീവ് ഗാന്ധിയുടെ മുപ്പത്തിയൊന്നാം ചരമവാർഷികം: ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് നേതാക്കൾ

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 31-ാമത് ചരമവാർഷികദിനത്തിൽ അദ്ദേഹത്തിന്റെ സമാധിസ്ഥലമായ വീർഭൂമിയിലെത്തി സോണിയാ ഗാന്ധിയും മകൾ പ്രിയങ്ക ഗാന്ധിയും മറ്റ് നേതാക്കളും ആദരാഞ്ജലികൾ അർപ്പിച്ചു.
“എൻറെ പിതാവ് ദയയും, അനുകമ്പയും ഉള്ള മനുഷ്യനായിരുന്നു. ക്ഷമയുടെ, സഹാനുഭൂതിയുടെ മൂല്യം ഞങ്ങളെ പഠിപ്പിച്ച അദ്ദേഹം എനിക്കും, പ്രിയങ്കയ്ക്കും ഒരു വിസ്മയകരമായ പിതാവായിരുന്നു. ഞങ്ങൾ ഒരുമിച്ചു ചെലവഴിച്ച സമയത്തെക്കുറിച്ച് ഞാൻ സ്നേഹത്തോടെ ഓർക്കുന്നു” രാഹുൽ ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ ആറാമത്തെ പ്രധാനമന്ത്രി ആയിരുന്ന രാജീവ് ഗാന്ധി നാൽപതാമത്തെ വയസ്സിൽ പ്രധാനമന്ത്രി സ്ഥാനത്തെത്തി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രി എന്ന നേട്ടം കൈവരിച്ചു. 1984 ലെ പൊതുതെരഞ്ഞെടുപ്പിൽ ഇന്ത്യൻ പാർലമെന്റ് കണ്ട ഏറ്റവും വലിയ ഭൂരിപക്ഷത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ രാജീവ് അധികാരത്തിൽ എത്തിച്ചു. രാജീവിന്റെ നേതൃത്വത്തിൽ ഇന്ത്യയിൽ ഒട്ടനവധി നവീന പദ്ധതികൾ നടപ്പിലാക്കുകയുണ്ടായി. വിദ്യാഭ്യാസരംഗത്തും, ആശയവിനിമയ സാങ്കേതികവിദ്യ രംഗത്തുമെല്ലാം പുതിയ ആശയങ്ങൾ നടപ്പിലാക്കി.

1991 ലെ പൊതു തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ മെയ് 21 ന് തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽ വച്ച് എ.ൽ.ടി.ടി.ഇ തീവ്രവാദികളാൽ വധിക്കപ്പെട്ടു. യമുനാ നദിയുടെ തീരത്തുള്ള വീർഭൂമിയിലാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നത്.
കോൺഗ്രസ് നേതാക്കളായ പി ചിദംബരവും, സച്ചിൻ പൈലറ്റും അടക്കമുള്ള മറ്റു പ്രമുഖരും മുൻ പ്രധാനമന്ത്രിയ്ക്ക് ആദരാഞ്ജലികള്‍ അർപ്പിച്ചു.

Share
അഭിപ്രായം എഴുതാം