ന്യൂഡല്‍ഹി: റഷ്യയില്‍നിന്നു കുറഞ്ഞനിരക്കില്‍ ക്രൂഡ് ഓയില്‍ വാങ്ങുന്നതിനായി ഇന്ത്യ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. ബാരലിന് 70 ഡോളറില്‍ താഴെയായി വില നിശ്ചയിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. നിലവില്‍ രാജ്യാന്തരവില ബാരലിന് 108 ഡോളറാണ്. റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ ആദ്യനാളുകളില്‍ ഇത് 130 ഡോളറായി ഉയര്‍ന്നിരുന്നു.ഫെബ്രുവരി 24 ന് റഷ്യ യുക്രൈനെതിരേ സൈനികനടപടി തുടങ്ങിയതിനു ശേഷം ഇന്ത്യന്‍ റിഫൈനറികള്‍ റഷ്യയില്‍നിന്ന് കുറഞ്ഞനിരക്കില്‍ നാലു കോടിയിലേറെ ബാരല്‍ ക്രൂഡ് ഓയില്‍ വാങ്ങിയിട്ടുണ്ട്. കഴിഞ്ഞ മാസം ഒറ്റത്തവണയായി ഒന്നരക്കോടി ബാരല്‍ എണ്ണ വാങ്ങുന്നതിനായി റഷ്യ കുറഞ്ഞനിരക്ക് മുന്നോട്ടുവച്ചിരുന്നു. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-റഷ്യ ഇടപാടിനെ യു.എസും യൂറോപ്യന്‍ രാജ്യങ്ങളും വിമര്‍ശിച്ചിരുന്നു. എന്നാല്‍, യൂറോപ്യന്‍ യൂണിയനും റഷ്യയില്‍നിന്നു കൂടുതല്‍ വാങ്ങിയിട്ടുണ്ടെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ മറുപടി. എണ്ണ വില ഉയരുന്ന സാഹചര്യത്തില്‍ കുറഞ്ഞനിരക്കിലുള്ള വാഗ്ദാനങ്ങള്‍ സ്വീകരിക്കുമെന്നും ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി. ആവശ്യമുള്ള എണ്ണയുടെ 85 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.



