ന്യൂഡല്‍ഹി: ആശങ്ക ഉയര്‍ത്തി ഡല്‍ഹിയില്‍ കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.95 ശതമാനമായി ഉയര്‍ന്നു. ഫെബ്രുവരി മൂന്നിന് ശേഷമുള്ള ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണിത്. ഏപ്രില്‍ ഒന്നിന് 0.57 ശതമാനമായിരുന്നു ടിപിആര്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ഡല്‍ഹിയില്‍ 366 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച 325 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. പോസിറ്റീവ് നിരക്ക് 2.39 ശതമാനം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യതലസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ഇതോടെ ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 18,67,572 ആയി ഉയര്‍ന്നപ്പോള്‍ മരണസംഖ്യ 26,158 ആയി. കഴിഞ്ഞ ഒരാഴ്ചക്കിടെ ഹോം ഐസൊലേഷന്‍ കേസുകളില്‍ 48 ശതമാനം വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. സ്‌കൂള്‍ കൂട്ടികളിലാണ് കൂടുതലും രോഗം സ്ഥിരീകരിക്കുന്നത്. സ്‌കൂളുകള്‍ അടക്കില്ലെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. സ്‌കൂളുകളുടെ പ്രവര്‍ത്തനത്തിന് പ്രത്യേക മാര്‍ഗരേഖ പുറത്തിറക്കുമെന്ന് സിസോദിയ വ്യക്തമാക്കി.



