പാലക്കാട്: പാലക്കാട് അയ്യപുരത്ത് ശിശു പരിചരണ കേന്ദ്രത്തിൽ കുട്ടിയെ മർദ്ദിച്ച സംഭവത്തിൽ ശിശുക്ഷേമസമിതി സെക്രട്ടറിയായിരുന്ന കെ വിജയകുമാറിനെതിരെ കേസെടുത്തു. പാലക്കാട് നോർത്ത് പോലീസാണ് കേസെടുത്തത്. പരാതിക്കാരിയായ ആയയുടെ മൊഴി ഇന്ന് രേഖപ്പെടുത്തി.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ജുവനൈൽ ജസ്റ്റിസ് 75 പ്രകാരവും ഐപിസി 324 വകുപ്പ് ചുമത്തിയുമാണ് കേസ്. ആയ നൽകിയ പരാതി കഴിഞ്ഞദിവസം ജില്ലാഭരണകൂടം പൊലീസിന് കൈമാറിയിരുന്നു. ഇതേ തുടർന്നാണ് പൊലീസ് കേസെടുത്തത്.
അച്ഛനമ്മമാർ ഉപേക്ഷിച്ച അഞ്ചുവയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന അയ്യപുരത്തെ ശിശുപരിചരണ കേന്ദ്രത്തിലാണ് സംഭവം. പല തവണയായി ശിശുക്ഷേമ സെക്രട്ടറി കെ വിജയകുമാർ കുഞ്ഞുങ്ങളെ മർദ്ദിച്ചെന്നാണ് പരാതി. സ്കെയിൽ വച്ച് തല്ലിയെന്നാണ് ആയ നൽകിയ പരാതിയിലുള്ളത്. ആയയുടെ പരാതിയിൽ ജില്ലാ കളക്ടർ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ ശിശുക്ഷേമ സമിതി സെക്രട്ടറി കെ വിജയകുമാർ രാജിവച്ചിരുന്നു. സിപിഎം തെക്കേത്തറ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വിജയകുമാറിനെ പാർട്ടി ചുമതലകളിൽ നിന്നു മാറ്റിനിർത്തിയിരിക്കുകയാണ്. സമഗ്രാന്വേഷണം ആവശ്യപ്പെട്ട് വാർഡ് കൗൺസിലറും രംഗത്തെത്തിയിരുന്നു