വയനാട്: തൊഴില്‍ രംഗം വലിയ മാറ്റത്തിന് വിധേയമാകുമ്പോള്‍ തൊഴില്‍ നൈപുണ്യ വികസനം അനിവാര്യമെന്ന് വനം വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ് വയനാടും ജില്ലാ ഭരണകൂടവും ചേര്‍ന്ന് മുട്ടില്‍ ഗവ. കോളേജില്‍ സംഘടിപ്പിച്ച നൈപുണ്യ – 2022 മെഗാ ജോബ് ഫെയര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമ്പരാഗത തൊഴില്‍ രംഗത്ത് നിന്നും നവീന മേഖലകളിലേക്ക് തൊഴില്‍ സാധ്യത മാറിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ പുത്തന്‍ മേഖലയോട് ചേര്‍ന്ന് പോകുന്ന തരത്തില്‍ ആവശ്യമായ നൈപുണ്യ വികസനം ആര്‍ജ്ജിക്കേണ്ടതുണ്ട്. പ്രത്യേക തൊഴിലിനോട് മാത്രമുളള ആഭിമുഖ്യത്തിന് പകരം മാറുന്ന ലോകത്തിന്റെ തൊഴില്‍ സാധ്യതകളിലേക്കാണ് ഇനിയുളള കാലം വിദ്യാര്‍ഥി സമൂഹത്തിന്റെയും തൊഴിലന്വേഷകരുടെയും ശ്രദ്ധപതിയേണ്ടത്. പുതിയ ആശയങ്ങളുമായി ധാരാളം സ്റ്റാര്‍ട് അപ്പുകള്‍ ഉയര്‍ന്നു വരുമ്പോള്‍ വിദ്യാസമ്പന്നരായ വിദ്യാര്‍ത്ഥികള്‍ റിസ്‌ക്ക് എടുക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. വയനാട് ജില്ലയ്ക് അത്ര പരിചിതമല്ലാത്ത ഇത്തരം ജോബ് ഫെയറുകള്‍ വിദ്യാര്‍ത്ഥി സമൂഹവും തൊഴില ന്വേഷകരും പരമാവധി ഉപയോഗപ്പെടുത്താന്‍ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എ.ഗീത, സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷമി, മുട്ടില്‍ ഗവ. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ടി.പി. മുഹമ്മദ് പരീത്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍. മണിലാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.