റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരിച്ചടി നേരിട്ട് ഇന്ത്യന്‍ ഓഹരി സൂചികകള്‍

March 5, 2022 - 11:38 am

മുംബൈ: വ്യാപാര ആഴ്ചയിലെ അവസാനദിനവും തിരിച്ചടി നേരിട്ട് ഇന്ത്യന്‍ ഓഹരി സൂചികകള്‍. കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ നിഫ്റ്റി 16,300ന് താഴെയെത്തിയപ്പോള്‍ സെന്‍സെക്സ് 768 പോയിന്റാണ് ഇടിഞ്ഞത്. യൂറോപ്പിലെ ഏറ്റവും വലിയ ആണവ പ്ലാന്റിനുനേരെയുണ്ടായ റഷ്യന്‍ ആക്രമണത്തെതുടര്‍ന്ന് ആഗോളതലത്തില്‍ സൂചികകളില്‍ കനത്ത വില്പന സമ്മര്‍ദമാണുണ്ടായത്. ആണവ നിലയത്തിനു നേരെയുണ്ടായ ആക്രമണം സംഘര്‍ഷാവസ്ഥ രൂക്ഷമാക്കിയതിനെ തുടര്‍ന്ന് നിക്ഷേപകര്‍ പരിഭ്രാന്തരായി.ഇന്ത്യന്‍ ഓഹരി വിപണിയിലും നിക്ഷേപകര്‍ ഓഹരികള്‍ വ്യാപകമായി വിറ്റഴിച്ചു.വിതരണശൃംഖലയിലെ തടസ്സവും കുതിക്കുന്ന അസംസ്‌കൃത എണ്ണവിലയുമാണ് വിപണിയെ പ്രതികൂലമായി ബാധിക്കുന്ന പ്രധാന കാരണങ്ങള്‍. ആര്‍.ബി.ഐ.യുടെ ക്ഷമതാപരിധി കടന്ന് പണപ്പെരുപ്പം കൂടുമെന്ന് ഉറപ്പായതും വിപണിയെ ദുര്‍ബലമാക്കി. ഐടി, ഫാര്‍മ ഓഹരികളിലെ നേട്ടമാണ് സൂചികകളെ കനത്ത നഷ്ടത്തില്‍നിന്ന് രക്ഷിച്ചത്. സെന്‍സെക്സ് 768.87 പോയിന്റ് നഷ്ടത്തില്‍ 54,333.81ലും നിഫ്റ്റി 252.60 പോയിന്റ് ഇടിഞ്ഞ് 16,245.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.സെന്‍സെക്സ് 1.40 ശതമാനവും നിഫ്റ്റി 1.53 ശതമാനവുമാണ് ഇടിഞ്ഞത്.1204 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2075 ഓഹരികളുടെ മൂല്യം ഇടിഞ്ഞു. 96 ഓഹരികളുടെ വിലയില്‍ മാറ്റമുണ്ടായില്ല.ടൈറ്റന്‍ കമ്പനി, മാരുതി സുസുകി, ഏഷ്യന്‍ പെയിന്റ്സ്, ഹീറോ മോട്ടോര്‍കോര്‍പ്സ്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നഷ്ടംനേരിട്ട പ്രധാന ഓഹരികള്‍. ഡോ.റെഡ്ഡീസ് ലാബ്, ഐ.ടി.സി., ടെക് മഹീന്ദ്ര, സണ്‍ ഫാര്‍മ, അള്‍ട്രടെക് സിമെന്റ്സ് തുടങ്ങിയ കമ്പനികള്‍ നേട്ടമുണ്ടാക്കുകയും ചെയ്തു. ഐടി സെക്ടര്‍ ഒഴികെ മറ്റെല്ലാ മേഖലാ സൂചികകളും ഇന്നലെ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓട്ടോ, മെറ്റല്‍സ്, പവര്‍, കാപിറ്റല്‍ ഗുഡ്സ്, റിയല്‍റ്റി സൂചികകള്‍ 2-3 ശതമാനം ഇടിഞ്ഞു. ബിഎസ്ഇ മിഡ്കാപ്, സൂചിക 2.3 ശതമാനവും സ്മോള്‍കാപ് സൂചിക 1.6 ശതാനവുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഇന്നലെ പത്ത് കേരള കമ്പനി ഓഹരികള്‍ നേട്ടമുണ്ടാക്കി. കിംഗ്സ് ഇന്‍ഫ്രാ വെഞ്ചേഴ്സ്, ഈസ്റ്റേണ്‍ ട്രെഡ്സ്, കല്യാണ്‍ ജൂവലേഴ്സ് , നിറ്റ ജലാറ്റിന്‍ , സ്‌കൂബീ ഡേ ഗാര്‍മന്റ്സ് , വണ്ടര്‍ലാ ഹോളിഡേയ്സ്, വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് തുടങ്ങിയവയാണ് ഇന്നലെ വില ഉയര്‍ത്തിയ ഓഹരികള്‍. അതേസമയം എഫ്എസിടി, ആസ്റ്റര്‍ ഡി എം, മണപ്പുറം ഫിനാന്‍സ് , പാറ്റ്സ്പിന്‍ ഇന്ത്യ, വെര്‍ട്ടെക്സ് സെക്യൂരിറ്റീസ്, മുത്തൂറ്റ് ഫിനാന്‍സ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ഫെഡറല്‍ ബാങ്ക്, കെഎസ്ഇ, അപ്പോളോ ടയേഴ്സ് തുടങ്ങി 17 കേരള കമ്പനി ഓഹരികളുടെ വിലിയിടിഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *