കീവ്/മോസ്കോ: റഷ്യ-യുക്രൈന് പ്രതിനിധികളുടെ ചര്‍ച്ച തുടങ്ങി. ബെലാറസ് അതിര്‍ത്തിയിലെ പ്രിപാറ്റ് നദീതീരത്താണ് കൂടിക്കാഴ്ച. ഉപാധിരഹിതമായാണു ചര്‍ച്ചയെന്നു റഷ്യ പ്രതികരിച്ചപ്പോള്‍ പ്രതീക്ഷയില്ലെന്നായിരുന്നു യുക്രൈന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കിയുടെ പ്രതികരണം. പാശ്ചാത്യ രാജ്യങ്ങളും ഉപരോധം കടുപ്പിക്കുന്നതിനിടെയാണു ചര്‍ച്ചയ്ക്കുള്ള നീക്കം വേഗത്തിലായത്. പ്രശ്നപരിഹാരത്തിനു ചര്‍ച്ചയാകാമെന്ന റഷ്യയുടെ നിര്‍ദേശത്തിനു വഴങ്ങിയാണ് യുക്രൈന് ബെലാറസിലേക്കു പ്രതിനിധിസംഘത്തെ അയച്ചത്. ബെലാറസ് പ്രസിഡന്റ് അലക്സാണ്ടര്‍ ലൂകഷെങ്കോയുടെ ഇടപെടലും നിര്‍ണായകമായി. ബെലാറസിലെ ചര്‍ച്ചയോട് ആദ്യം വിമുഖത പ്രകടിപ്പിച്ച യുക്രൈന് പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കിയുമായി ലുകാഷെങ്കോ നടത്തിയ ഫോണ്‍ സംഭാഷണം വഴിത്തിരിവായി.



