വാഴക്കുളം : നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെ വില എത്ര ഇടിഞ്ഞാലും പൊതുജനങ്ങള്‍ക്ക് അതിന്റെ ഗുണം ലഭിക്കാത്ത അവസ്ഥയാണ് നിലവിലുളളത്. ഇടനിലക്കാരും റീട്ടെയില്‍ കച്ചവടക്കാരും വിലകുറക്കാന്‍ തയ്യാറാവാത്തതാണ് കാരണം. മില്ലുകള്‍ ലിറ്ററിന് 142 രൂപക്കാണ് പാക്കു ചെയ്‌ത വെളിച്ചണ്ണ മൊത്ത ക്കച്ചവടക്കാര്‍ക്ക് ഇപ്പോള്‍ നല്‍കുന്നത്. പാമോയിലിന് 145 രൂപയും സണ്‍ഫ്‌ളവര്‍ ഓയിലിന് 155 രൂപയും ശരാശരി വില കിട്ടിയപ്പോഴാണിത്.
മറ്റ് എണ്ണകള്‍ അഞ്ചോ ആറോ രൂപ ലാഭമെടുത്ത് വില്‍ക്കുന്ന വ്യാപാരികള്‍ വെളിച്ചെണ്ണക്ക് ലിറ്ററിന് 30 രൂപ മുതല്‍ 50 രൂപ വരെ ലാഭമെടുത്ത് വില്‍ക്കുന്നതായി മില്ലുടമകള്‍ പറയുന്നു. ഇത് വെളിച്ചെണ്ണക്ക് വിലകൂടുതലാണെന്ന പ്രതീതി സൃഷ്ടിക്കുന്നതായി ചേറ്റൂര്‍ ഓയില്‍മില്‍സ് എംഡി ലിജു ചേറ്റൂര്‍ പറഞ്ഞു.
ഇപ്പോള്‍ നാളികേരത്തിന്റെ വില പിടിച്ചുനിര്‍ത്തുന്നതിനായി സഹകരണ സംഘങ്ങള്‍വഴി സംഭരണം നടത്തി കൊപ്രയാക്കി നാഫെഡിന് കൈമാറാനാണ് നീക്കം. എന്നാല്‍ സഹകരണസംഘങ്ങളില്‍ തേങ്ങ കൊപ്രയാക്കി മാറ്റാനുളള ഡ്രയര്‍ ഉളളവ വിരളമായതിനാല്‍ പ്രായോഗികമായേക്കില്ല.




